ന്യൂഡല്‍ഹി: ഓഗസ്റ്റ് 15 ന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചന നല്‍കികൊണ്ട് ബിജപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഓഗസ്റ്റ് 15 ന് ശേഷം രാജ്യം തിരഞ്ഞെടുപ്പ് ലഹരിയില്‍ ആയിരിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസിയില്‍ നടന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ അമിത് ഷാ പറഞ്ഞത്. ഇതോടെ രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരെഞ്ഞെടുപ്പുകള്‍ക്ക് ഒപ്പം ലോക്‌സഭാ തിരെഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത ഏറിയിരിക്കുകയാണ്.
കൂടാതെ, തിരഞ്ഞെടുപ്പിനായി പാര്‍ട്ടിയെ സജ്ജമാക്കാനും വന്‍വിജയിത്തിലെത്തിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് നടത്തേണ്ട സംസ്ഥാനങ്ങളില്‍ ബി ജെ പി ചില തിരിച്ചടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് നേരത്തെ നടത്തി പ്രതിസന്ധി മറികടക്കാം എന്നാണ് ബി ജെ പി നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. നവംബറിലാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്.