രാജ്യത്തെ ക്രിമിനല്‍ നിയമം പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകള്‍ ലോക്‌സഭയില്‍ പാസായി

ന്യൂഡല്‍ഹി : പ്രതിപക്ഷ നിരയിലെ ബഹുഭൂരിപക്ഷം എംപിമാരേയും സസ്‌പെന്‍ഷനിലൂടെ പുറത്ത് നിര്‍ത്തി രാജ്യത്തെ ക്രിമിനല്‍ നിയമം പൊളിച്ചെഴുതുന്ന സുപ്രധാനമായ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ പാസാക്കി.

ക്രിമിനല്‍ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകളാണ് ലോക്‌സഭയില്‍ പാസാക്കിയത്. നേരത്തെ ഓഗസ്റ്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ പിന്‍വലിച്ച് ഭേദഗതി വരുത്തിയശേഷം പുതിയ ബില്ലുകളായി ചൊവ്വാഴ്ച വീണ്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയുടെ പരിഗണനയ്ക്കുവെച്ചിരുന്നു. പ്രതിപക്ഷത്തെ മൂന്നില്‍ രണ്ട് എം.പിമാരും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട് പുറത്തുനില്‍ക്കുമ്പോള്‍ ശബ്ദ വോട്ടോടെയാണ് ബില്ലുകള്‍ ലോക്‌സഭയില്‍ പാസാക്കിയെടുത്തത്.

1860-ലെ ഇന്ത്യന്‍ ശിക്ഷാനിയമവും (ഐ.പി.സി.), 1898-ലെ ക്രിമിനല്‍ നടപടിച്ചട്ടവും (സി.ആര്‍.പി.സി.), 1872-ലെ ഇന്ത്യന്‍ തെളിവ് നിയമത്തിനും പകരമായിട്ടാണ്‌ യഥാക്രമം ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എന്‍.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) നിയമങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

543 അംഗ ലോക്‌സഭയില്‍ ഒഴിവുള്ള സീറ്റുകള്‍ കഴിച്ചാല്‍ 522 അംഗങ്ങളാണുള്ളത്. ഇതില്‍ പ്രതിപക്ഷത്തെ 95 പേരേയും കഴിഞ്ഞദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേരളത്തില്‍നിന്നുള്ള എം.പിമാരായ തോമസ് ചാഴിക്കാടനേയും എ.എം. ആരിഫിനേയും ബുധനാഴ്ചയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബില്ലുകള്‍ പാസാക്കുന്നത്. സഭയില്‍ ബാക്കിയുള്ള 45 പ്രതിപക്ഷ എം.പിമാരില്‍ 34 പേരും നിര്‍ണായക ഘട്ടങ്ങളില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, ബിജു ജനതാദള്‍ പാര്‍ട്ടികളില്‍നിന്നുള്ളവരാണ്.

Top