കൊച്ചി : വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ മുന്‍തൂക്കം യുഡിഎഫിനെന്നും സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് അട്ടിമറി വിജയം നേടുമെന്നും മനോരമ ന്യൂസ് അഭിപ്രായ സര്‍വേ. യുഡിഎഫിന് 45%, എല്‍ഡിഎഫിന് 38%, എന്‍ഡിഎയ്ക്ക് 13%. വോട്ടും നേടുമെന്നാണ് സര്‍വ്വെ പറയുന്നത്.
എറണാകുളവും ഇടുക്കിയും യുഡിഎഫിനൊപ്പമാണ്. എറണാകുളത്ത് യുഡിഎഫ്: 41%, എല്‍ഡിഎഫ്: 33 %, എന്‍ഡിഎ: 11%. ഇടുക്കിയില്‍ യുഡിഎഫ്: 44 %, എല്‍ഡിഎഫ്: 39 %, എന്‍ഡിഎ: 9 %. വോട്ടും നേടും.
ചാലക്കുടിയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറുമെന്ന് സര്‍വേ ഫലം പറയുന്നു. നേരിയ മുന്‍തൂക്കം യുഡിഎഫിനാണെന്നും വോട്ടുനില പ്രവചിക്കുന്നു. യുഡിഎഫിന് 40%, എല്‍ഡിഎഫിന് 39%, എന്‍ഡിഎ 13% എന്നിങ്ങനെയാണ് വോട്ടിങ് നില.
ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്നാണ് അഭിപ്രായ സര്‍വേ. എല്‍ഡിഎഫിന് 44%, യുഡിഎഫിന് 38%, എന്‍ഡിഎ 13% എന്നിങ്ങനെയാണ് വോട്ടു വിഹിതം.
ആലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ. ആലപ്പുഴയില്‍ കനത്തപോരാട്ടത്തിനൊടുവിലാണ് ഇടതുമുന്നണി നേരിയ മുന്‍തൂക്കം സ്വന്തമാക്കുന്നത്. എല്‍ഡിഎഫിന് 47%, യുഡിഎഫിന് 44%, എന്‍ഡിഎയ്ക്ക് 4% എന്നിങ്ങനെയാണ് വോട്ടിങ് നില.
യു.പി.എ അധികാരത്തില്‍ വരുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 58% പേര്‍ അഭിപ്രായപ്പെട്ടു. മൂന്നാം മുന്നണി അധികാരത്തില്‍ വരുമെന്ന് 18% പേര്‍ പറയുമ്പോള്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ തുടരണമെന്ന് അഭിപ്രായപ്പെടുന്നത് 13 ശതമാനം പേരാണ്.
രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് 38 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ നരേന്ദ്രമോദി പ്രധാനമന്ത്രിപദത്തില്‍ തുടരണമെന്ന് പറഞ്ഞവര്‍ 11 ശതമാനമാണ്. പ്രിയങ്ക ഗാന്ധി, മന്‍മോഹന്‍സിംഗ്, പിണറായി വിജയന്‍ എന്നിവര്‍ പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യരാണെന്ന് 8 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു.