പാര്‍ലമെന്റ് സുരക്ഷാ വീഴ്ച; സെക്യൂരിറ്റി ഡയറക്ടറോട് വിശദീകരണം തേടി ലോക്‌സഭാ സ്പീക്കര്‍

ഡല്‍ഹി: ലോക്‌സഭയിലെ സുരക്ഷാ വീഴ്ച വിശദമായി അന്വേഷിക്കുമെന്ന് ലോക്‌സഭ സ്പീക്കര്‍. പാര്‍ലമെന്റ് സെക്യൂരിറ്റി ഡയറക്ടറോട് സ്പീക്കര്‍ വിശദീകരണം തേടി. സംഭവത്തില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇന്ന് ഉച്ചയോടെയാണ് പാര്‍ലമെന്റിനുള്ളില്‍ കളര്‍സ്‌പ്രേയുമായി രണ്ട് പേര്‍ പ്രതിഷേധം നടത്തിയത്. സന്ദര്‍ശക ഗാലറിയില്‍ നിന്നും ഇവര്‍ സഭാംഗങ്ങള്‍ ഇരിക്കുന്ന ചേംബറിലേക്ക് ചാടുകയായിരുന്നു. ശൂന്യവേളക്കിടെ ആയിരുന്നു സംഭവം. കണ്ണീര്‍ വാതകമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ആഘോഷങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന കളര്‍ സ്‌പ്രേയാണിതെന്നും മനസ്സിലായത്. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കിയായിരുന്നു ഇവര്‍ പ്രതിഷേധിച്ചത്. എംപിമാരും സെക്യൂരിറ്റിമാരും ചേര്‍ന്നാണ് ഇവരെ കീഴടക്കിയത്.

അതേസമയം പാര്‍ലമെന്റിന് പുറത്തും കളര്‍സ്‌പ്രേയുമായി രണ്ട് പേര്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. ഇവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഗുരുതരസുരക്ഷാ വീഴ്ചയാണ് പാര്‍ലമെന്ററില്‍ ഉണ്ടായിരിക്കുന്നത്. ഷൂസിനുള്ളിലാണ് ഇവര്‍ കളര്‍ സ്‌പ്രേ ഒളിപ്പിച്ചുവ വെച്ചിരുന്നത്. കര്‍ശന പരിശോധനക്ക് ശേഷമാണ് പാര്‍ലമെന്റിനുള്ളിലേക്ക് ആളുകളെ കടത്തിവിടുന്നത്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഗുരുതരമായ സുരക്ഷാ വീഴ്ച ഉണ്ടായതെന്നാണ് അംഗങ്ങളുടെ ചോദ്യം.

Top