ലോകായുക്ത ഭേദഗതി; കുറ്റവാളികള്‍ക്ക് സിപിഐഎം രക്ഷാകവചം ഒരുക്കുകയാണെന്ന് കുമ്മനം

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്കെതിരെ വിമര്‍ശനവുമായി ബിജെപി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍. നിയമത്തിന്റെ ചിറകുകള്‍ അരിഞ്ഞു കുറ്റവാളികള്‍ക്ക് രക്ഷാകവചം ഒരുക്കുകയാണ് സിപിഐഎമ്മെന്ന് കുമ്മനം കുറ്റപ്പെടുത്തി.

ലോകായുക്ത ഭേദഗതി അനാവശ്യമാണ്. ലോകായുക്തയെ നിര്‍വീര്യമാക്കുന്ന സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട ഭേദഗതി അനാവശ്യവും ദുരുപദിഷ്ടവുമാണെന്നും കുമ്മനം പറഞ്ഞു.

പല്ലും നഖവും പിഴുതുമാറ്റി ലോകായുക്തയെ വെറും നോക്കുകുത്തിയാക്കി മാറ്റുകയും അഴിമതിക്കാരായ മന്ത്രിമാരെ രക്ഷപെടുത്തുകയുമാണ് ഭേദഗതിയുടെ ലക്ഷ്യം. അഴിമതികേസില്‍ വിചാരണ നേരിടുന്ന മന്ത്രിമാര്‍ കുറ്റക്കാരെന്ന് ലോകായുക്ത വിധിച്ചാലും തല്‍സ്ഥാനത്തു തുടരാന്‍ ഇതോടെ അവസരമൊരുങ്ങും. അഴിമതി രഹിതമായ സംശുദ്ധ ഭരണം ഉറപ്പ് വരുത്തുന്നതിനാണ് ലോകായുക്ത നിയമമുണ്ടായത്.

ലോക്പാല്‍ നിയമം വഴി എല്ലാ കേന്ദ്രമന്ത്രിമാരെയും ഉള്‍പ്പെടുത്തി അധികാരികളെ അഴിമതി കേസില്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ വ്യവസ്ഥ ഉണ്ടായി. നിരന്തരമായ പോരാട്ടങ്ങളുടെ ഫലമായിട്ടാണ് ഈ നിയമം എല്ലാം നിലവില്‍ വന്നത്. സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പാര്‍ലമെന്റില്‍ ലോക്പാല്‍ ലോകായുക്ത നിയമങ്ങള്‍ക്ക് വേണ്ടി ശക്തമായി വാദിച്ചു. എന്നാല്‍ അഴിമതി കേസുകളില്‍ സ്വന്തം നേതാക്കള്‍ ഓരോരുത്തരായി കുറ്റവാളികളായി ലോകായുക്ത കണ്ടെത്തിയപ്പോള്‍ സിപിഐഎം നിലപാട് തിരുത്തിയെന്നും കുമ്മനം പറഞ്ഞു.

Top