വിനായകന്റെ മരണം ലോകായുക്ത നേരിട്ട് അന്വേഷിക്കുന്നു

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവം ലോകായുക്ത നേരിട്ട് അന്വേഷിക്കുന്നു.

ഇതിനെത്തുടര്‍ന്ന്‌, പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ക്കും, വിനായകന്റെ സുഹൃത്ത് ശരത്തിനും ലോകായുക്തയുടെ സമന്‍സ് അയച്ചു.

കൂടാതെ, രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.

വാടാനപ്പിള്ളി എസ്.ഐ കേസ് ഡയറി ഹാജരാക്കാനും, പാവറട്ടി എസ്.ഐ സ്റ്റേഷനിലെ ജൂലെ 16,17 തീയതികളിലെ ജനറല്‍ ഡയറി ഹാജരാക്കാനുമാണ് ലോകായുക്ത ഉത്തരവിട്ടിരിക്കുന്നത്.

തൃശൂര്‍ ഏങ്ങണ്ടിയൂര്‍ പോളയ്ക്കല്‍ പങ്കന്‍തോട് കോളനിയിലെ വിനായകനാണ് പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്.

തൃശൂര്‍ പാവറട്ടി പൊലീസാണ് വിനായകനെ കസ്റ്റഡിയിലെടുത്തത്. വിനായകന് പൊലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് പൊലീസിനെതിരെ ഉയര്‍ന്നത്.

പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് വിനായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാല പൊട്ടിക്കുന്ന സംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസ് പറഞ്ഞത്.

Top