കൊച്ചി: വിമർശനങ്ങൾക്ക് മറുപടിയുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. തന്നെ വിമർശിക്കുന്ന വരോട് സഹതാപം മാത്രമാണെന്ന് സിറിയക് ജോസഫ് പറഞ്ഞു. ഈയിടെ ഒരാൾ തന്റെ കരിയർ ഗ്രാഫ് വിശദീകരിക്കുന്നത് കണ്ടു. 12 വർഷം കേരള ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ ആയത് എടുത്തു പറയുന്നത് കണ്ടു. എന്നാൽ വിവിധ മുഖ്യമന്ത്രിമാർ ഭരിച്ചപ്പോഴാണ് ഗവൺമെന്റ് പ്ലീഡറായി പ്രവർത്തിച്ചതെന്ന് മനപ്പൂർവ്വം മറച്ചുവെച്ചെന്നും അദ്ദേഹം പറഞ്ഞു. അഡ്വ: ജോസ് വിതയത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു സിറിയക് ജോസഫ്.
മോദിയും മൻമോഹൻ സിംഗും ഒരു പോലെ അംഗീകരിച്ച ആളായത് തനിക്ക് എന്തോ ഗുണം ഉളളത് കൊണ്ടല്ലേ. മുൻ ജൻമ സുകൃതം കൊണ്ടാവാം ഇവർ തന്നെ ഗവൺമെന്റ് പ്ലീഡർ ആക്കിയത്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമാക്കിയത് മൻമോഹൻ സിംഗ് ആണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ ആക്കിയത് മോദിയും. എഴുപത് വയസിന് ശേഷമാണ് തന്നെ പിണറായി ലോകായുക്ത ആക്കിയത്. ഈ നേട്ടങ്ങളിൽ ആർക്കാണ് അസൂയ തോന്നാത്തത്. തനിക്ക് കിട്ടിയ സ്ഥാനങ്ങൾ എണ്ണിപ്പറയുന്ന ആളോട് സഹതാപം മാത്രമെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.