തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കേരള ഗവര്‍ണര്‍ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതായി ആരോപിച്ച് മുഖ്യമന്ത്രിയെയും മന്ത്രിസഭാ അംഗങ്ങളെയും ഏതിര്‍ കക്ഷികളാക്കി ലോകയുക്തയില്‍ വാദം കേള്‍ക്കുന്ന തന്റെ പരാതി മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ തിരക്കിട്ട് ലോകായുക്ത നിയമത്തിന്റെ പതിനാലാം വകുപ്പ്‌ഭേദഗതി ചെയ്തതെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.
നീതിന്യായ പീഠത്തിന്റെ ഉത്തരവുകള്‍ സര്‍ക്കാരിന്റെ അന്തിമ തീര്‍പ്പിന് വിധേയമാക്കാനുള്ള പുതിയ നിയമഭേദഗതി ജുഡീഷ്യല്‍ സംവിധാനത്തെ തകര്‍ക്കുന്നതിനും അതുവഴി പൊതുപ്രവര്‍ത്തകര്‍ക്ക് നിര്‍ബാധം അഴിമതി നടത്തുന്നതിന് സഹായകമാവുന്നതിനുമാണെന്നാണ് ഹര്‍ജ്ജിയില്‍ പറയുന്നു. മുന്‍ സിന്‍ഡിക്കേറ്റ് അംഗം കൂടിയായ പൊതു പ്രവര്‍ത്തകന്‍ ആര്‍ എസ് ശശികുമാറാണ് മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.