തിരുവനന്തപുരം: ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജ രേഖയാണെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞില്ലെന്ന് ലോകായുക്ത. കേസിൽ പരാതിക്കാർക്ക് വിജിലൻസിനെയോ ക്രൈംബ്രാഞ്ചിനെയോ സമീപിക്കാമെന്നും ലോകായുക്ത പറഞ്ഞു.
അതോടൊപ്പം, ഷാഹിദ കമാലിനെതിരെ ലോകായുക്ത വിമർശനവും ഉന്നയിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വ്യാജ വിദ്യാഭ്യാസ യോഗ്യത രേഖപ്പെടുത്തിയത് ചൂണ്ടികാട്ടിയാണ് വിമർശനം.വനിത കമ്മീഷൻ അംഗമാകുന്നത് മുമ്പ് ഷാഹിദ ചെയ്തത് പൊതുപ്രവർത്തകർക്ക് ചേരാത്തതാണെന്ന് ലോകായുക്ത പറഞ്ഞു. തെരെഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യത തെറ്റായ രേഖപ്പെടുത്തിയെന്ന് ഷാഹിദ കമാലും ലോകായുക്തയിൽ സമ്മതിച്ചിരുന്നു.
ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വ്യാജമെന്നായിരുന്നു ലോകായുക്തയിലെ പരാതി. തെറ്റായ വിദ്യാഭ്യാസ യോഗ്യത തെരെഞ്ഞെടുപ്പിന് നൽകിയ ഷാഹിദ കമാലിന് വനിത കമ്മീഷനംഗമായി തുടരാനാകില്ലെന്നാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മീഷൻ അംഗമാകാനും വ്യാജ വിദ്യാഭ്യാസ യോഗ്യതകൾ ഹാജരാക്കിയെന്നാണ് ലോകായുക്തക്ക് മുന്നിലെത്തിയ പരാതിയിലുണ്ടായിരുന്നു.കസാക്കിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് കോംപ്ലിമെന്ററി മെഡിസിനിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദ കമാൽ ലോകായുക്തയ്ക്ക് നൽകിയ മറുപടിയിൽ ഷാഹിദ പറഞ്ഞിരുന്നത്.
സാമൂഹിക രംഗത്ത് താൻ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് നൽകിയ ഓണററി ഡോക്ടറേറ്റാണിതെന്നാണ് അവരുടെ വിശദീകരണം. 2009ലും 2011ലും തെരെഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിദ്യാഭ്യാസ യോഗ്യതവെച്ചതിൽ പിഴവുണ്ടായെന്നും ഷാഹിദ പറഞ്ഞിരുന്നു. വിയറ്റ്നാമിലെ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നായിരുന്നു ഷാഹിദ കമാൽ ആദ്യം അവകാശപ്പെട്ടിരുന്നത്.