തിരുവനന്തപുരം: കണ്ണൂര്‍ സര്‍ലകലാശാല വൈസ് ചാന്‍സലര്‍ പുനര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് ആശ്വാസകരമായ ലോകായുക്ത വിധി. വി.സിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തെഴുതിയ മന്ത്രി അധികാരദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത വിധിച്ചു.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫാണ് ഇതു സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. അതേ സമയം രമേശ് ചെന്നിത്തലയുടെ ഹരജി ലോകായുക്ത തള്ളിക്കളഞ്ഞതോടെ മന്ത്രി ബിന്ദുവിന് അധികാരത്തില്‍ തുടരാനാകും. ഇത് മന്ത്രിക്കും സര്‍ക്കാരിനും ആശ്വാസം നല്‍കുന്ന വിധിയാവുകയാണ്.പരാതിയില്‍ ആരോപിക്കുന്നതുപോലെ മന്ത്രി ആര്‍.ബിന്ദു അധികാരദുര്‍വിനിയോഗം നടത്തിയിട്ടില്ല. മന്ത്രി സര്‍വകലാശാലക്ക് അന്യയല്ല. മന്ത്രി ഗവര്‍ണര്‍ക്കു നല്‍കിയത് നിര്‍ദേശം മാത്രമാണെന്നുമാണ് വിധിയില്‍ പറയുന്നത്. ഈ നിര്‍ദേശം ഗവര്‍ണര്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാം എന്നും വിധിയില്‍ വ്യക്തമാക്കുന്നു. അതേ സമയം കണ്ണൂര്‍ വി.സിയുടെ പുനര്‍ നിയമനക്കാര്യം പരിശോധിച്ചിട്ടില്ലെന്നും ലോകായുക്ത വിധിയില്‍ വ്യക്തമാക്കുന്നുണ്ട്.
കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനത്തില്‍ എ.ജിയുടെ നിയമോപദേശം ഉണ്ടായിരുന്നതായി ലോകായുക്ത വിധിയില്‍ വ്യക്തമാക്കി. മന്ത്രി സര്‍വകലാശാലക്ക് അന്യയല്ല, പ്രോ വൈസ്ചാന്‍സലറാണ്. മന്ത്രിയുടെ നിര്‍ദേശം ചാന്‍സലറായ ഗവര്‍ണര്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാമായിരുന്നു. ചാന്‍സലറായ ഗവര്‍ണര്‍ പ്രോ വൈസ്ചാന്‍സലറുടെ നിര്‍ദേശം അംഗീകരിച്ചെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.