തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ലോകായുക്തയുടെ നോട്ടീസ്. വിരമിക്കുന്നതിന് തൊട്ടുമുമ്പ് പ്രിന്‍സിപ്പളായി ഡോ. ആര്‍.ശശികുമാറിനെ നിയമിച്ചത് അധികാരദുര്‍വിനിയോഗമാണെന്ന പരാതിയിലാണ് ജസ്റ്റിസ് പയസ് സി കുര്യാക്കോസിന്റെ നടപടി.
അഡ്വ.എസ് മാര്‍ട്ടിന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കഴമ്പുണ്ടന്ന് ലോകായുക്ത നിരീക്ഷിച്ചു. തുടര്‍ന്നാണ് പ്രമോഷനുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളും മൂന്ന് ദിവസത്തിനകം ഹാജരക്കാന്‍ ജസ്റ്റിസ് പയസ് സി കുര്യാക്കോസ് ഉത്തരവിട്ടത്.
ചീഫ് സെക്രട്ടറി, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്ക് പുറമേ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ബി ശ്രീനിവാസ്, സാങ്കേതിക വിദ്യാഭ്യസ ഡയറക്ടര്‍ ഡോ.കെ വിജയകുമാര്‍ ,ഡോ.ആര്‍ ശശികുമാര്‍ എന്നിവര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്.
മെയ് 31ന് അഞ്ച് മണിക്ക് വിരമിച്ച ആര്‍ ശശികുമാറിന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് പ്രിന്‍സിപ്പല്‍ നിയമനം നല്‍കിയതില്‍ അധികാര ദുര്‍വിനിയോഗവും അഴിമതിയും ഉണ്ടന്നായിരുന്നു പരാതിക്കാരന്റെ പ്രധാന ആക്ഷേപം. കേസ് ജൂലൈ 12ന് വീണ്ടും പരിഗണിക്കും.