ചെന്നൈ: കൈതിയില്‍ ആരംഭിച്ച് വിക്രത്തില്‍ എത്തിയപ്പോള്‍ വന്‍ ഹിറ്റായ ഒരു സംഭവമാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്. സംവിധായകന്‍ ലോകേഷ് കനകരാജ് വലിയ പദ്ധതിയാണ് എല്‍സിയുവിന് വേണ്ടി ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് തമിഴ് സിനിമ ലോകത്തെ സംസാരം. തന്റെ എല്‍സിയു പ്ലാന്‍ സംബന്ധിച്ച് ആദ്യമായി വെളിപ്പെടുത്തുകയാണ് ലോകേഷ് പുതിയ അഭിമുഖത്തില്‍.
പത്ത് സിനിമകളാണ് എല്‍സിയുവില്‍ ഉണ്ടാകുക എന്നാണ് ലോകേഷ് പറയുന്നത്. അതിന് ശേഷം അത് അവസാനിപ്പിക്കുമെന്ന് ലോകേഷ് കനകരാജ് എസ്എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇങ്ങനെ ഒരു യൂണിവേഴ്‌സ് സംഭവിച്ചതിനു കൂടെ വർക്ക് ചെയ്ത അഭിനേതാക്കൾ, നിർമാതാക്കൾക്കാണ് നന്ദി പറയേണ്ടതുണ്ടെന്നും ലോകേഷ് പറയുന്നു.
ഇത് ആദ്യമായി നടപ്പിലാക്കുന്ന ഒരു സംരംഭം ആയിരുന്നതിനാല്‍ ഒരുപാട് പേരുടെ കയ്യിൽ നിന്ന് അനുമതി വാങ്ങേണ്ടതായി ഉണ്ട്. എല്ലാ നടന്മാർക്കും അവരുടേതായ ഒരു ഫാൻ ബേസ് ഉണ്ട്. അതുകൊണ്ട് എല്ലാവരെയും ഒരു സിനിമയിൽ കൊണ്ടുവരുന്നത് ശ്രദ്ധയോടെ ആയിരിക്കുമെന്ന് ലോകേഷ് പറഞ്ഞു. എസ്.എസ് മ്യൂസിക് എന്ന യൂട്യൂബ് ചാനലിന് വിജയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച അഭിമുഖത്തിലാണ് ലോകേഷ് ഇത് വ്യക്തമാക്കിയത്.
ഒരു ശ്രമം എന്ന നിലയ്ക്കാണ് ‘വിക്രം’, ‘കൈതി’ സിനിമകളെ കണക്ട് ചെയ്തു ഒരു ക്രോസ്സ് ഓവർ ആയി കൊണ്ടുവന്നത്. പക്ഷെ അതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 20 വര്‍ഷത്തേക്ക് സിനിമ പദ്ധതികള്‍ ലോകേഷിനുണ്ടെന്ന് സംസാരം ഉണ്ടല്ലോ എന്ന ചോദ്യത്തിന് ഒരുപാട് സിനിമകൾ ചെയ്യണം ഒരുപാട് നാൾ ഈ നിലയിൽ നിൽക്കണം എന്ന് എനിക്ക് ആഗ്രഹമില്ലായിരുന്നുവെന്ന് ലോകേഷ് ഉത്തരം പറഞ്ഞു.
ഇപ്പോള്‍ വിജയ് നായകനാകുന്ന ലിയോ ആണ് ലോകേഷ് ഒരുക്കുന്നത്. ഈ ചിത്രം എല്‍സിയുവിന്റെ ഭാഗമാണോ എന്നത് ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് ലോകേഷ് പറയുന്നു. വിജയം ആഘോഷിക്കുന്നതിനെക്കാള്‍ പരാജയത്തെ താന്‍ ഭയക്കുന്നുണ്ടെന്നും. ഹീറോ ഫ്രണ്ട്ലി, ഫാന്‍സ് ഫ്രണ്ട്ലി, പ്രൊഡ്യൂസര്‍ ഫ്രണ്ട്ലി തുടങ്ങിയ എല്ലാ ടാഗും താന്‍ ഇഷ്ടപ്പെടുന്നുവെന്നും ലോകേഷ് അഭിമുഖത്തില്‍ പറഞ്ഞു.
ലിയോയുടെ ചര്‍ച് കഴിഞ്ഞ മൂന്ന് കൊല്ലമായി നടക്കുന്നുണ്ട്. ഈ വർഷങ്ങളിൽ തങ്ങൾ 4 – 5 രീതിയില്‍ കഥ പറച്ചില്‍ നടത്തിയിരുന്നു. വിജയ് സർ നൽകിയ സ്പേസ് ഇല്ലെങ്കിൽ അത് സാധ്യമാകുമായിരുന്നില്ലെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.