തിരുവനന്തപുരം: ശബരിമലയില്‍ കോടതി വിധി നടപ്പാക്കുവാന്‍ പൊലീസ് ശ്രമിച്ചിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഒരു ക്രമസമാധാന പ്രശ്‌നവും ഉണ്ടാക്കുവാന്‍ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.
അതേസമയം, ശബരിമലയില്‍ സര്‍ക്കാര്‍ ഡബിള്‍ റോള്‍ കളിക്കുന്നുവെന്നാണ് പതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. പൊലീസിനു മേല്‍ സര്‍ക്കാറിന് യാതൊരു നിയന്ത്രണവും ഇല്ലെന്നും ഇന്നലെയും ഇന്നും നടന്ന സംഭവങ്ങള്‍ അപമാനകരമാണെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമല ദര്‍ശനത്തിന് ഇന്ന് എത്തിയ കൊയിലാണ്ടി സ്വദേശി ബിന്ദു, അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരുമായി പൊലീസ് മലയിറങ്ങി. യുവതികളുടെ വിസമ്മതം വകവെക്കാതെ യുവതികളെ പൊലീസ് തിരിച്ചിറക്കുകയായിരുന്നു. തിരിച്ചിറങ്ങാന്‍ വിസമ്മതിച്ച ബിന്ദു നിലത്ത് കിടന്ന് പ്രതിഷേധിച്ചു. ക്രമസമാധാന പ്രശ്‌നം കാരണമാണ് ഇവരെ തിരിച്ചിറക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടെ യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കനകദുര്‍ഗയ്ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. എന്നാല്‍ കനകദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യമില്ലെന്നും പൊലീസ് തങ്ങളെ നിര്‍ബന്ധിച്ച് തിരിച്ചിറക്കുകയാണെന്നും ബിന്ദു പറഞ്ഞു.