തിരുവനന്തപുരം: സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്താന്‍ ഉത്തരവ്.
ഗോവിന്ദച്ചാമ്മിക്ക് പിന്നില്‍ വന്‍ ലഹരിമരുന്ന് മാഫിയാ സംഘമാണെന്ന് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്‍ ബി.എ.ആളൂര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഗോവിന്ദച്ചാമിയുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും ലഹരിമരുന്ന് മാഫിയബന്ധത്തെക്കുറിച്ചും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
ആവശ്യമായാല്‍ ഇതിനായി മുംബൈ പൊലീസിന്റെ സഹായം തേടുമെന്നും ഡിജിപി വ്യക്തമാക്കി.
ഗോവിന്ദച്ചാമിക്കു പിന്നില്‍ മുംബൈയിലെ പന്‍വേല്‍ ആസ്ഥാനമായ, മലയാളികള്‍ ഉള്‍പ്പെട്ട മാഫിയയെന്നായിരുന്നു അഡ്വ. ബി.എ.ആളൂരിന്റെ വെളിപ്പെടുത്തല്‍.
വക്കാലത്ത് ഏല്‍പിച്ചതു മുതല്‍ ഇവരുടെ സഹായമുണ്ട്. കേസ് അവസാനംവരെ നടത്തണമെന്നു തന്നോട് അഭ്യര്‍ഥിച്ചിരുന്നു. ഇവരാണു തനിക്കു പ്രതിഫലം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ട്രെയിനില്‍ മോഷണവും ലഹരിമരുന്ന് കടത്തും നടത്തുന്ന സംഘത്തിലെ അംഗമാണ് ഗോവിന്ദച്ചാമി. മുംബൈ പന്‍വേല്‍ കേന്ദ്രീകരിച്ചുള്ള സംഘത്തില്‍ മലയാളിയടക്കം വിവിധ സംസ്ഥാനക്കാരുണ്ട്. മാനഭംഗം, കവര്‍ച്ച, മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമമനുസരിച്ചുള്ള കേസുകള്‍ തുടങ്ങി ഇവരുടെ വിവിധ കേസുകളില്‍ ഇടപെട്ടിട്ടുണ്ട്. തന്റെയൊരു സുഹൃത്തുവഴിയാണ് ഇവരുമായുള്ള പരിചയം.
ഈ സംഘത്തിലുള്ളവരുടെ കേസുകള്‍ നടത്തുകയും പലരെയും കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. ഇന്റര്‍നെറ്റ് അടക്കമുള്ള മാധ്യമങ്ങളിലൂടെ അന്വേഷിച്ചാണ് കേസ് നടത്താന്‍ പ്രാപ്തിയുള്ളവരെ സംഘം കണ്ടെത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പലപ്പോഴും തന്നെ കേസ് ഏല്‍പ്പിക്കാറുള്ളതെന്നും ആളൂര്‍ വെളിപ്പെടുത്തിയിരുന്നു.
സൗമ്യ വധക്കേസില്‍ അഡ്വ. ബി.എ.ആളൂര്‍ പ്രതിഭാഗത്തിനായി ഹാജരായപ്പോള്‍ മുതല്‍ ഗോവിന്ദച്ചാമിക്കു പിന്നിലാരാണെന്നും കോടികള്‍ മുടക്കി വലിയ അഭിഭാഷകരെ നിയമിക്കാന്‍ ഇയാള്‍ക്കു കഴിഞ്ഞതെങ്ങനെയെന്നും കേരളം ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. ഈ വിഷയത്തില്‍ ആദ്യമായാണ് ആളൂര്‍ വെളിപ്പെടുത്തല്‍ നടത്തിയത്.