കോഴിക്കോട്: ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട സമരത്തില്‍ പോലീസ് ഗെയിലിനൊപ്പമാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.
കോഴിക്കോട് ജില്ലയിലെ മുക്കത്ത് സംഘര്‍ഷം പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനോടു പ്രതികരിക്കുകയായിരുന്നു ഡിജിപി.
ഗെയില്‍ പദ്ധതി കേരളത്തിന്റെ വികസനപദ്ധതിയാണ്. ഈ വികസന പദ്ധതിക്കു സംരക്ഷണം നല്‍കേണ്ടതു പോലീസിന്റെ ചുമതലയാണ്. അത് എത്രനാള്‍ വേണ്ടിവരുമെന്നു തീര്‍ച്ചപ്പെടുത്താനാവില്ല. മുക്കത്തുണ്ടായ സംഘര്‍ഷത്തിനു പിന്നില്‍ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ നിഷിപ്ത താത്പര്യങ്ങളുണ്ടോ എന്നു പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു.
ഉത്തരമേഖല ഡിജിപി രാജേഷ് ദിവാനോടും ഇന്റലിജന്‍സിനോടും ഇതുസംബന്ധിച്ചു റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട് മുക്കത്ത് ഉടലെടുത്ത സംഘര്‍ഷം തുടരുകയാണ്. പോലീസ് ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് മൂന്ന് പഞ്ചായത്തുകളില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പലയിടത്തും അക്രമാസക്തമായി. പോലീസ് സഹായത്തോടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ജോലികള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഏകപക്ഷീയമായി പോലീസ് സഹായത്തോടെ അധികൃതര്‍ സ്ഥലം കൈയേറുകയാണെന്ന് സ്ഥലവാസികള്‍ പറയുന്നു.
സമരക്കാരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് വീടുകളില്‍ റെയ്ഡ് നടത്തി. വാതിലുകള്‍ ചവിട്ടിത്തുറന്നാണ് പോലീസ് വീടുകളുടെ ഉള്ളില്‍ പ്രവേശിച്ചത്. മുക്കം പോലീസ് സ്റ്റേഷനില്‍ ഉന്നത തല യോഗത്തിനു ശേഷമായിരുന്നു പോലീസിന്റെ നടപടി. വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നത്.