നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധം, പിന്‍വലിച്ചില്ലെങ്കില്‍ കര്‍ശന നടപടി: ഡിജിപി

DGP Loknath Behera

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചൊവ്വാഴ്ച സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ.

‘ഹര്‍ത്താല്‍ സംബന്ധിച്ച് കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടില്ല, അതുകൊണ്ടുതന്നെ നാളത്തെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. ഹര്‍ത്താലില്‍നിന്ന് സംഘടനങ്ങള്‍ പിന്‍മാറണം’ – ലോക്നാഥ് ബെഹ്റ പറഞ്ഞു.

ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുമ്പേ നോട്ടീസ് തരണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനങ്ങള്‍ ഇത് പാലിച്ചിട്ടില്ലെന്നും ബെഹ്‌റ പറഞ്ഞു.

ഹര്‍ത്താല്‍ ആഹ്വാനവുമായി സംഘനകള്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പോലീസ് പ്രതിജ്ഞാബന്ധമാണെന്നും അതുകൊണ്ടു തന്നെ ഹര്‍ത്താലിനെ നേരിടാന്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ കൂട്ടിച്ചേര്‍ത്തു.

ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിഷേധ റാലിക്ക് യാതൊരു തടസ്സവുമില്ല, എന്നാല്‍ ഹര്‍ത്താല്‍ അനുവദിക്കില്ലെന്നും പോലീസ് മേധാവി പറഞ്ഞു.

ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘാടകര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കുമെന്നും നിയമവിരുദ്ധമായി നാളെ ഹര്‍ത്താല്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.

എസ്ഡിപിഐ, ബിഎസ്പി, എസ്‌ഐഒ എന്നീ സംഘടനകളാണ് നിലവില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രമുഖ മുസ്ലിം സംഘടനകളെല്ലാം ഈ ഹര്‍ത്താലിന് പിന്തുണയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി അസോസിയേഷനും വ്യക്തമാക്കി.

Top