ഡി.ജി.പിയുടെ നീക്കം നിയമവിരുദ്ധം, ഫോണ്‍ രേഖകള്‍ ദുരുപയോഗിക്കും !

തിരുവനന്തപുരം: വ്യക്തിയുടെ സ്വകാര്യതയില്‍ കയറി ഇടപെടാന്‍ പൊലീസ്! സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റ നല്‍കിയ വിചിത്ര നിര്‍ദ്ദേശം ഏറെ അപകടകരമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വ്യക്തിയുടെ ടെലഫോണ്‍ രേഖകള്‍ ശേഖരിക്കണമെന്നതാണ് വിവാദ നിര്‍ദ്ദേശം. തികച്ചും നിയമവിരുദ്ധമായ നീക്കമാണിത്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റ ടെലിഫോണ്‍ രേഖകള്‍ അഥവാ സിഡിആര്‍ കര്‍ശനമായി ശേഖരിക്കണമെന്ന ഉത്തരവിറക്കിയത്.

ബിഎസ്എന്‍എല്ലില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ ഇന്റലിജന്‍സ് എഡിജിപിയെ ചുമതലപ്പെടുത്തി. ചില മേഖലകളില്‍ വോഡഫോണില്‍ നിന്ന് രേഖകള്‍ കൃത്യമായി കിട്ടുന്നില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് പരിഹരിക്കണമെന്നും ഡിജിപിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

നിലവില്‍ കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാണ് സിഡിആര്‍ ശേഖരിക്കുന്നത്. എന്നാല്‍ കൊവിഡ് പ്രതിരോധത്തിന്റെ ചുമതല പൊലീസിന് നല്‍കിയതോടെയാണ് ടെലിഫോണ്‍ രേഖകള്‍ വ്യാപകമായി ശേഖരിക്കാന്‍ നീക്കം തുടങ്ങിയത്.

ഒരാള്‍ ക്രിമിനല്‍ കേസില്‍ പ്രതിയാവുകയാണെങ്കില്‍ മാത്രമാണ് സാധാരണ സിഡിആര്‍ എടുക്കാറുള്ളത്. രോഗിയായതിന്റെ പേരില്‍ ഒരാളുടെ ടെലിഫോണ്‍ രേഖകള്‍ പൊലീസ് ശേഖരിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന ആക്ഷേപം ശക്തമാവുകയാണ്. പല സേവന ദാതാക്കളും ടെലിഫോണ്‍ രേഖകള്‍ നല്‍കാന്‍ മടി കാണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡിജിപി ലോക്‌നാധ് ബഹ്‌റ എല്ലാ ജില്ലകളിലേയും പൊലീസ് മേധാവികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Top