സിബിഐ മേധാവിയെ തെരഞ്ഞെടുക്കാന്‍ സെലക്ഷന്‍ സമിതി ചര്‍ച്ച ചെയ്ത പട്ടികയില്‍ ബെഹ്‌റയും

ന്യൂഡല്‍ഹി: പുതിയ സിബിഐ മേധാവിയെ തെരഞ്ഞെടുക്കുവാന്‍ സെലക്ഷന്‍ സമിതി ചര്‍ച്ച ചെയ്ത പട്ടികയില്‍ കേരള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേരും ഉള്‍പ്പെടുത്തി.

1985 ബാച്ച് ഉദ്യോഗസ്ഥരുടെ പട്ടികയിലാണ് ലോക്‌നാഥ് ബെഹ്‌റയുടെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 79 പേരുകളാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സെലക്ഷന്‍ സമിതിയില്‍ ചര്‍ച്ച ചെയ്തത്.

എന്നാല്‍, സെലക്ഷന്‍ സമിതി യോഗം മേധാവിയുടെ കാര്യത്തില്‍ തീരുമാനമാകാതെ പിരിഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. യോഗം വീണ്ടും ചേര്‍ന്നേക്കും. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്. സീനിയോറിറ്റി, പരിചയസമ്പത്ത്, അഴിമതി വിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്തതിലെ പ്രാവിണ്യം, സിബിഐയിലും സമാനമായ ചുമതലകള്‍ വഹിച്ചതിലുമുള്ള മികവ് എന്നിവ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയത്.

Top