ലോക്‌സഭ തെരഞ്ഞെടുപ്പ്; സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് ഡിജിപി

bahra

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കെ സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

സുരക്ഷാചുമതലയ്ക്ക് വേണ്ടി 58,138 പൊലീസ് ഉദ്യോഗസ്ഥരെയും 11,781 സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെയും നിയോഗിച്ചതായും പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ള 272 സ്ഥലങ്ങളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തിയതായും ഡിജിപി അറിയിച്ചു.

ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. അന്നേ ദിവസം എല്ലാ മണ്ഡലങ്ങളിലും സ്വതന്ത്രവും നീതിപൂര്‍വ്വവും വോട്ടെടുപ്പ് പൂര്‍ത്തിയാക്കുവാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചെന്നും സംസ്ഥാനത്ത് എമ്പാടും തെരഞ്ഞെടുപ്പിനായി പൊലീസ് സേനയെ വിന്യസിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളാ പൊലീസില്‍ നിന്ന് മാത്രം 58,138 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരില്‍ 3,500 പേര്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്. 240 ഡിവൈഎസ്പിമാര്‍, 677 ഇന്‍സ്പെക്ടര്‍മാര്‍, 3,273 എസ് ഐ /എ എസ് ഐമാര്‍ എന്നിവരും ഉള്‍പ്പെടുന്നു. കൂടാതെ സി ഐ എസ് എഫ്, സി ആര്‍ പി എഫ്, ബി എസ് എഫ് എന്നിവയില്‍ നിന്ന് 55 കമ്പനി ജവാന്‍മാരും തമിഴ്നാട്ടില്‍ നിന്ന് 2,000 പൊലീസ് ഉദ്യോഗസ്ഥരും കര്‍ണാടകത്തില്‍ നിന്ന് 1,000 പൊലീസ് ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് വേണ്ടി കേരളത്തിലെത്തിയിട്ടുണ്ട്.

Top