തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇന്ന് വിരമിക്കും. 1985 ല്‍ പുന്നപ്ര പോലീസ് സ്‌റ്റേഷനില്‍ എ.എസ്.പി ട്രെയിനിയായി സര്‍വ്വീസ് ആരംഭിച്ച ബെഹറ, ദീര്‍ഘകാലം കേരളപോലീസിലെ വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നീണ്ട അഞ്ച് വര്‍ഷത്തിലെറെ ക്രമസമധാനപാലനത്തിന്റെ ചുമതലയുളള ഡി.ജി.പിയായിരുന്നു. ചരിത്രത്തിലാദ്യമായിട്ടാണ് ഇത്ര ദീര്‍ഘമായ കാലയളവ് ഒരാള്‍ ഡി.ജി.പിയുടെ കസേരയില്‍ ഇരിക്കുന്നത്.
കേരള പോലീസില്‍ സാങ്കേതികവിദ്യയും ആധുനികവല്‍ക്കരണവും നടപ്പാക്കുന്നതില്‍ ലോക്‌നാഥ് ബെഹ്‌റ പ്രമുഖ പങ്കുവഹിച്ചു. കേസന്വേഷണം ഉള്‍പ്പെടെ പോലീസിലെ എല്ലാ മേഖലകളിലും ആധുനിക സാങ്കേതികവിദ്യ വിനിയോഗിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. 16 ലക്ഷം ഫോളോവേഴ്‌സ് ഉള്ള കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് ലോകത്തിലെ പൊലീസ് സേനകളില്‍ മുന്‍പന്തിയില്‍ എത്തിയത് ബെഹ്‌റയുടെ നേതൃത്വത്തിലാണ്.
എന്‍ഐഎയിലും സിബിഐയിലുമായി സേവനമനുഷ്ഠിച്ച 16 വര്‍ഷക്കാലയളവില്‍ മുംബൈ സ്‌ഫോടന പരമ്പരയടക്കം രാജ്യശ്രദ്ധ നേടിയ കേസുകള്‍ അന്വേഷിച്ചു. ജിഷ വധം, നടിയെ ആക്രമിച്ച കേസ്, കൂടത്തായി കേസ് എന്നിവയിലെ അറസ്റ്റ് സംസ്ഥാനത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. പൊലീസിന് പുറമെ വിജിലന്‍സ്, ഫയര്‍ഫോഴ്‌സ്, ജയില്‍ വകുപ്പുകളുടെ തലപ്പത്തും ബെഹ്‌റയ്ക്ക് സേവനമനുഷ്ഠിക്കാനായി.
സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിക്കും. യുപിഎസ്സി അംഗീകരിച്ച മൂന്ന് പേരില്‍ നിന്ന് ഒരാളെയാണ് പൊലീസ് മേധാവിയായി തീരുമാനിക്കുക. റോഡ് സുരക്ഷാ കമ്മീഷണര്‍ അനില്‍കാന്തിനാണ് കൂടുതല്‍ സാധ്യത. അടുത്ത ജനുവരി മാസത്തിലാണ് അനില്‍കാന്ത് വിരമിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ എസ് സുധേഷ് കുമാര്‍, അഗ്‌നിരക്ഷാ സേനാ മേധാവി ബി സന്ധ്യ എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പേര്‍. പട്ടികയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് സുധേഷ്‌കുമാര്‍. ആദ്യ വനിതാ പൊലീസ് മേധാവി എന്ന തലത്തില്‍ കാര്യങ്ങള്‍ പോയാല്‍ ബി സന്ധ്യയ്ക്കും സാധ്യതയുണ്ട്.