തിരുവനന്തപുരം: പോക്‌സോ കേസുകളില്‍ ശിക്ഷ ഉറപ്പാക്കുന്നതിന് അന്വേഷണം കൂടുതല്‍ ഫലപ്രദമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.
സംസ്ഥാനത്തെ ക്രമസമാധാനപാലനവും കുറ്റാന്വേഷണ പുരോഗതിയും വിലയിരുത്തുന്നതിന് പൊലീസ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
പൊതുവേ, കുറ്റകൃത്യങ്ങളിലുള്ള ശിക്ഷാ നിരക്കില്‍ കേരളം ഇന്ത്യയില്‍ ഒന്നാമതാണെങ്കിലും പോക്‌സോ കേസുകളില്‍ ശിക്ഷാനിരക്ക് കുറവാണെന്നത് ആശങ്കപ്പെടുത്തുന്നതാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും അതിക്രമങ്ങള്‍ പരമാവധി കുറച്ചുകൊണ്ടുവരുകയും വേണമെന്നും ബെഹ്‌റ പറഞ്ഞു.
സംസ്ഥാനത്ത് ട്രാഫിക് അപകടങ്ങള്‍മൂലമുള്ള മരണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവുവന്നിട്ടുണ്ട്. ദേശീയപാതയില്‍, പ്രത്യേകിച്ചും കൊല്ലം, ആലപ്പുഴ ഭാഗങ്ങളില്‍ അപകടങ്ങളും മരണവും കൂടുതല്‍ ഉണ്ടാകുന്നതില്‍ സംസ്ഥാന പോലീസ് മേധാവി ആശങ്ക രേഖപ്പെടുത്തി. ഇത് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
അപകടങ്ങളും മരണങ്ങളും ഇനിയും കുറച്ചുകൊണ്ടുവരുന്നതിന് സംസ്ഥാനത്താകെ പരിശോധന കര്‍ശനമാക്കണം. പരിശോധന കഴിയുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധമാകണം. മാന്യമായ പെരുമാറ്റം ഉറപ്പാക്കുന്നതിന് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇക്കാര്യം എസ്പിമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏറ്റവും ആധുനികമായ ബോഡി ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പരിശോധനയ്ക്ക് ഉപയോഗപ്പെടുത്തണമെന്നും ബെഹ്‌റ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ അതിക്രമങ്ങളില്‍ 2016നെ അപേക്ഷിച്ച് 2017ല്‍ കുറവ് വന്നിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ നിക്ഷ്പക്ഷമായും ശക്തമായും നടപടി സ്വീകരിച്ചതിന്റെ ഫലമാണിത്. ഇത് കൂടുതല്‍ ഫലപ്രദമാക്കണം. അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിന് സാങ്കേതികവിദ്യ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു.
കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരം രേഖപ്പെടുത്തുന്നതിനുള്ള ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്‌വര്‍ക്ക് സിസ്റ്റം ഉപയോഗിക്കുന്നതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ കൂടുതല്‍ വൈദഗ്ധ്യം ആവശ്യമുണ്ട്. ഇതിനായി പ്രത്യേക പരിശീലനം എസ്‌സിആര്‍ബിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കാനും യോഗത്തില്‍ ധാരണയായി.