ന്യൂഡല്‍ഹി: ലോക്പാല്‍ നിയമന ശുപാര്‍ശയ്ക്ക് എട്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ആണ് കമ്മിറ്റിയുടെ അധ്യക്ഷ. ലോക്പാല്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരെ ശുപാര്‍ശ ചെയ്യാനാണ് കമ്മിറ്റി. എസ്ബിഐ മുന്‍ മേധാവി അരുന്ധതി ഭട്ടാചാര്യ, പ്രസാര്‍ ഭാരതി ചെയര്‍പേഴ്‌സണ്‍ എ. സൂര്യപ്രകാശ്, ഐ.എസ്.ആര്‍.ഒ മേധാവി എ.എസ്. കിരണ്‍കുമാര്‍, മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സാഖാ റാംസിങ് യാദവ്, ഗുജറാത്ത് മുന്‍ പോലീസ് മേധാവി ഷബീര്‍ ഹുസൈന്‍ എസ് ഖന്‍ഡ്വാവാല, മുന്‍ രാജസ്ഥാന്‍ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ലളിത് കെ. പന്‍വാര്‍, രഞ്ജിത് കുമാര്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് പ്രമുഖ അംഗങ്ങള്‍.
ലോക്പാല്‍ നിയമത്തില്‍ അനുശാസിക്കുന്നതിനനുസരിച്ചുള്ള തെരഞ്ഞെടുപ്പായിരിക്കും നടക്കുകയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിനെതിരെ കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. ഇതിനായി വിളിച്ചുചേര്‍ത്ത യോഗം കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ബഹിഷ്‌കരിച്ചിരുന്നു.
ലോക്പാല്‍ നിയമം നിലവില്‍ വന്ന് നാലുവര്‍ഷത്തിന് ശേഷമാണ് ലോക്പാല്‍ നിയമനത്തിനായുള്ള ആദ്യ ചുവട് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. പൊതുപ്രവര്‍ത്തകര്‍ക്ക് എതിരായ അഴിമതിക്കേസുകള്‍ അന്വേഷിക്കുന്നതിനുള്ള സംവിധാനമാണ് ലോക്പാല്‍. കേന്ദ്രത്തില്‍ ലോക്പാലെന്നും സംസ്ഥാനങ്ങളില്‍ ലോകായുക്തയെന്നുമാണ് ഈ സംവിധാനത്തെ വിളിക്കുന്നത്. 2013 ലാണ് ലോക്പാല്‍ നിയമം പാസാക്കിയത്.
ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ തന്നെ മുഴുവന്‍ സമയ അംഗമാക്കാത്തതില്‍ പ്രതിഷേധിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്ന യോഗം ബഹിഷ്‌കരിച്ചിരുന്നു. സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് എത്താന്‍ അദ്ദേഹത്തോട് ആറുതവണ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
ലോക്പാല്‍ നിയമത്തില്‍ ഭേദഗതി വരുത്തി ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവിനെ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുള്ള വഴിയുണ്ടാക്കണമെന്നാണ് ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നത്. ലോക്പാല്‍ നിയമത്തില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിനെയാണ് ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയുള്ളത്. അതേസമയം കോണ്‍ഗ്രസിന് ലോക്‌സഭയില്‍ 10 ശതമാനം സീറ്റ് ലഭിക്കാത്തതിനാല്‍ പ്രതിപക്ഷ നേതൃസ്ഥാനം അനുവദിച്ചിട്ടില്ല.
ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്. ലോക്‌സഭാ സ്പീക്കര്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ചീഫ് ജസ്റ്റിസ് നാമനിര്‍ദ്ദേശം ചെയ്യുന്ന സുപ്രീംകോടതി ജഡ്ജി, രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന വ്യക്തി എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍.