ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്ന് എഐസിസി. ഫെബ്രുവരി 20നു മുന്‍പ് സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ഇന്നലെ ചേര്‍ന്ന പാര്‍ട്ടി ഉന്നത സമിതി യോഗം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രൂപം നല്‍കിയ സമയപട്ടികയിലാണു രാജ്യത്തുടനീളമുള്ള സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിനു തീയതി നിശ്ചയിച്ചത്.
ജില്ലകളില്‍ നിന്നുള്ള അഭിപ്രായം ശേഖരിച്ച ശേഷം, സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയുമായി കൂടിയാലോചിച്ച് ഹെക്കമാന്റാവും സ്ഥാനാര്‍ഥികളെ തീരുമാനിക്കുക. പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തേണ്ട പ്രാധാന്യമുള്ള വിഷയങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കു ദേശീയ നേതൃത്വം നിര്‍ദേശം നല്‍കി. ബ്ലോക്ക് കമ്മിറ്റി, ഡിസിസി എന്നിവയിലുള്ള ഒഴിവുകള്‍ ഈ മാസം 15നുള്ളില്‍ നികത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.