ലോക്‌സഭാ തെഞ്ഞെടുപ്പ്; കോണ്‍ഗ്രസ്സുമായി ചര്‍ച്ചയ്ക്കില്ല, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട സഖ്യചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറിയെന്ന് അറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. സഖ്യചര്‍ച്ചയ്ക്കുള്ള എല്ലാ വാതിലുകളും അടഞ്ഞ സാഹചര്യത്തില്‍ പൊതു തെരഞ്ഞെടുപ്പില്‍ ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അതിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും കെജ്രിവാള്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരുള്‍പ്പെടെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ആഴ്ചകള്‍ പിന്നിടുമ്പോഴാണ് പുതിയ നിലപാടുമായി കെജ്രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്. ആം ആദ്മി മുഖ്യ പ്രതിയോഗിയായി വിലയിരുത്തുന്ന കോണ്‍ഗ്രസുമായി സഖ്യചര്‍ച്ച നടത്തുന്നതില്‍ പ്രതിഷേധിച്ച് ധാരാളം പേര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ മോദി, അമിത് ഷാ കൂട്ടുകെട്ടിലുള്ള കേന്ദ്ര സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ് പ്രധാനമെന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കെജ്രിവാള്‍ പ്രതികരിച്ചിരുന്നു.

കോണ്‍ഗ്രസിനോടുള്ള സ്‌നേഹമല്ല, എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനാണ് സഖ്യചര്‍ച്ചയെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. 2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലും ബി.ജെ.പിക്കായിരുന്നു വിജയം. എന്നാല്‍ പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി ശക്തമായി തിരിച്ചു വരികയും ചെയ്തു.

Top