കൊല്‍ക്കത്ത: ഇത്തവണ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രമല്ല ഗൂഢാലോചനയാണെന്ന പ്രസ്താവനയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.
പണവും പൊലീസും ഇലക്‌ട്രോണിക് വോട്ടിങ്‌മെഷീനും ഉപയോഗിച്ച് ബി.ജെ.പി സംസ്ഥാനത്ത് കടന്നാക്രമണം നടത്തി. ബാലറ്റ് പെട്ടികള്‍ തിരികെ കൊണ്ടു വരണം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എല്ലാം നഷ്ടമാവുമെന്നും അവര്‍ പറഞ്ഞു.
”തൃണമൂല്‍ നേതാക്കളെ ബസില്‍നിന്ന് പുറത്തേക്ക് തള്ളണമെന്ന് ഏതോ ഒരു ബി.ജെ.പി നേതാവ് പറഞ്ഞു. ഞങ്ങളും ഇതുപോലെ പ്രതികരിച്ചാല്‍ നിങ്ങള്‍ക്ക് ചെറുത്തു നില്‍ക്കാന്‍ സാധിക്കുമോ. ” മമത ചോദിച്ചു. 1993ല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന റാലിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
ബി.ജെ.പി എന്ത് പോരാട്ടമാണ് നടത്തുന്നത്. ആരാണവര്‍ ബംഗാളില്‍ ആര്‍ക്കും അവരെ അറിയില്ല. ബിഹാറില്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ പൊലീസിന് നിദേശം നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ പൊലീസിനോട് അങ്ങനെ പറഞ്ഞിട്ടില്ല. അവര്‍ ഇക്കാര്യം മനസ്സിലാക്കണമെന്നും മമത പറഞ്ഞു.