തെരഞ്ഞെടുപ്പിൽ ലാലിനെ മത്സരിപ്പിക്കാന്‍ ജനതാൽപര്യം തേടി ആര്‍എസ്എസ്

തിരുവനന്തപുരം: മോഹന്‍ലാലിനെ ലോക്‌സഭാ സീറ്റിലേക്ക് മത്സരിപ്പിക്കാന്‍ ജന താല്‍പര്യ സര്‍വ്വേ നടത്താന്‍ ഒരുങ്ങി ആര്‍എസ്എസ്. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍, മോഹന്‍ലാല്‍,കെ സുരേന്ദ്രന്‍ എന്നിവരിലൊരാളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആര്‍എസ്എസിന്റെ താല്‍പര്യം. ഇതില്‍ പൊതുജന താല്‍പര്യം അറി
യാനാണ് ആര്‍എസ്എസ് സര്‍വ്വേ നടത്തുന്നത്.

കുമ്മനം രാജശേഖരനെ കൂടാതെ, നടന്‍ മോഹന്‍ലാല്‍, കെ. സുരേന്ദ്രന്‍ എന്നീ പേരുകളോടുള്ള തിരുവനന്തപുരത്തെ വോട്ടര്‍മാരുടെ താത്പര്യമാണ് സംഘത്തിന് അറിയേണ്ടത്. പ്രവര്‍ത്തകരുടേയും, പൊതുജനങ്ങളുടേയും, സാമുദായ വിഭാഗങ്ങളുടേയും അഭിപ്രായം ശേഖരിച്ച് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുമെന്നാണ് ആര്‍എസ്എസ് അറിയിച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ മത്സരത്തിനിറങ്ങിയാല്‍ വിജയം ഉറപ്പാണെന്ന റിപ്പോര്‍ട്ടുകളില്‍ ചര്‍ച്ച സജീവമാക്കുകയാണ്. തിരുവനന്തപുരത്ത് വിജയത്തില്‍ കുറഞ്ഞൊന്നും ആഗ്രഹിക്കാത്ത ആര്‍എസ്എസിന്റെ നോട്ടവും മോഹന്‍ലാലിലേക്ക് തന്നെയാണ്.
തിരുവനന്തപുരം സീറ്റിലേക്ക് നടന്‍ മോഹന്‍ലാലിനെ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ എം.എല്‍.എ വ്യക്തമാക്കിയിരുന്നു.

‘പൊതുകാര്യങ്ങളില്‍ താല്‍പര്യമുള്ളയാളാണു മോഹന്‍ലാല്‍. തിരുവനന്തപുരം സീറ്റില്‍ മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. അദ്ദേഹം പാര്‍ട്ടി അംഗമല്ല. എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്. സ്ഥാനാര്‍ഥിയാകാന്‍ ഞങ്ങള്‍ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. തീരുമാനമൊന്നും പറഞ്ഞിട്ടില്ലെന്നുമായിരുന്നു രാജഗോപാലിന്റെ പ്രസ്താവന.

Top