തിരുവനന്തപുരം : കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താനെ ലോക് സഭാ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധവുമായി ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. പ്രാദേശിക സ്ഥാനാര്‍ഥിയെ ഒഴിവാക്കാന്‍ നീക്കം നടന്നത് ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിലാണെന്നും ആക്ഷേപമുണ്ട്.
18 പേർ ഭാരവാഹിത്വം രാജി വയ്ക്കുമെന്ന് ഡിസിസി സെക്രട്ടറി അഡ്വ. ഗോവിന്ദൻ വ്യക്തമാക്കി. സ്ഥാനാർത്ഥി പരിഗണനാ പിട്ടകയിലുണ്ടായിരുന്ന സുബയ്യ റേയ്ക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി.
സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കാനാണ് വിമതരുടെ തീരുമാനം. അതേസമയം ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച സ്ഥാനാര്‍ഥിക്കെതിരെ ഒരുതരത്തിലുള്ള പ്രതിക്ഷേധവുമില്ലെന്നാണ് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ നിലപാട്.
കാസര്‍ഗോഡ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നു. ഐ സുബ്ബറേയുടെ പേരിന് ഏറ്റവും പ്രാധാന്യം ലഭിച്ചപ്പോള്‍ പല ഘട്ടത്തിലും ഷാനിമോള്‍ ഉസ്മാന്‍റെയും ടി സിദ്ധിഖിന്‍റെയും പേരുകള്‍ അവിടെ കാസര്‍ഗോഡ് പരിഗണിക്കപ്പെട്ടു.
സംസ്ഥാനത്തെ നാല് ലോക്‌സഭാ സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ആലപ്പുഴ, ആറ്റിങ്ങല്‍, വടകര ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ചാണ് തര്‍ക്കം തുടരുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്കായി എ,ഐ ഗ്രൂപ്പുകള്‍ ഗ്രൂപ്പ് തിരിഞ്ഞ് ആവശ്യം ഉന്നയിച്ചതോടെ ഇന്നലെ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ തീരുമാനം എടുക്കാനായില്ല.
വയനാട് സീറ്റ് ടി സിദ്ദിഖിന് നല്‍കണമെന്നാണ് എ ഗ്രൂപ്പ് ആവശ്യം ഉന്നയിക്കുന്നത്. എന്നാല്‍ ഷാനിമോള്‍ ഉസ്മാന് നല്‍കണമെന്ന് ഐ ഗ്രൂപ്പും ആവശ്യപ്പെട്ടു. ഇതിനിടെ കെപിസിസി സെക്രട്ടറി കെ പി അബ്ദുള്‍ മജീദും വിവി പ്രകാശും വയനാടിനായി രംഗത്തെത്തി. തര്‍ക്കം രൂക്ഷമായതോടെ കെ മുരളീധരന്‍ എംഎല്‍എയെ വയനാട്ടില്‍ മല്‍സരിപ്പിക്കുന്നതും ഹൈക്കമാന്‍ഡ് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
നിലവില്‍ 12 ഇടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. സിറ്റിംഗ് എംപിമാരായ ശശി തരൂര്‍, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, കെ വി തോമസ് എന്നിവര്‍ മത്സരരംഗത്തുണ്ട്. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുമെന്നാണ് അവസാനംവരെയുള്ള വാര്‍ത്തകളെങ്കിലും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ല.