കാസര്‍കോട്: രണ്ടാം കുരുക്ഷേത്രയുദ്ധമായിരിക്കും ലോകസഭാ തെരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ . ആന്റണി. കേരളത്തില്‍ പിണറായി സര്‍ക്കാരിന് ഷോക്ക് നല്‍കണം, കേന്ദ്രത്തില്‍ നരേന്ദ്ര മോദിയെ പുറത്താക്കണം എന്നിവയാണ് തെരഞ്ഞെടുപ്പില്‍ ജനാധിപത്യ കക്ഷികള്‍ക്കുള്ള രണ്ട് ദൗത്യങ്ങള്‍ – അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര കാസര്‍കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.കെ. ആന്റണി.പിണറായി സര്‍ക്കാര്‍ കേരളത്തെ ഭിന്നിപ്പിക്കുകയാണ് ചെയ്തത്. പ്രളയത്തില്‍ തകര്‍ന്നവരെ അവഗണിച്ചു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെന്ന ഒരേ ലക്ഷ്യത്തോടെയാണ് പിണറായിയും നരേന്ദ്രമോദിയും നീങ്ങുന്നത്. യുദ്ധത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കല്ല നരേന്ദ്ര മോദി നയുക്കുന്ന കൗരവരെ തകര്‍ക്കാനുള്ള ദൗത്യം കോണ്ഗ്രസ് അധ്യഷന്‍ രാഹുല്‍ ഗാന്ധിക്കാണ്.യുദ്ധത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കല്ലായെന്നും ആന്റണി പറഞ്ഞു.
ലോകസഭ തെരഞ്ഞെടുപ്പ് കേവലം അധികാര മാറ്റത്തിനു വേണ്ടിയല്ല. മറിച്ച് ജനാധിപത്യ മൂല്യങ്ങളെയും ഇന്ത്യന്‍ ഭരണഘടനയെയും സംരക്ഷിക്കുന്നതിനുള്ള യുദ്ധമാണ്. കര്‍ഷക ആത്മഹത്യ , തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളെല്ലാം രാജ്യത്തു വര്‍ധിച്ചു ഈ അവസ്ഥയാണെങ്കില്‍ രാജ്യം സംഘര്‍ഷത്തിലേക്കു നീങ്ങുമെന്നും ആന്റണി വ്യക്തമാക്കി. ജനമഹായാത്ര ഈ മാസം 28 ന് തിരുവനന്തപുരത്ത് സമാപിക്കും.