കൊച്ചി : കാസര്‍ഗോഡ് യു.ഡി.എഫിന് ബാലികേറാമലയല്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തികഞ്ഞ വിജയപ്രതീക്ഷയാണ് അവിടെയുള്ളത്. അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തായിരിക്കും മണ്ഡലത്തിലെന്നും അദ്ദേഹം പറഞ്ഞു.
മലബാറിന്റെ സ്‌നേഹം ആവോളം അനുഭവിച്ച വ്യക്തിയാണ് താന്‍. വിജയിച്ച് എംപിയായി താന്‍ പാര്‍ലമെന്റില്‍ പോയിരിക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം കാസര്‍ഗോഡിനെ ഇളക്കി മറിച്ചിരിക്കുകയാണ്. 50 വര്‍ഷത്തെ തന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണിതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.
ചാലക്കുടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു. വലിയ കോണ്‍ഗ്രസ് പാരമ്പര്യമുള്ള മണ്ഡലമാണ് ചാലക്കുടി. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ ചാലക്കുടിയില്‍ മത്സരിക്കാന്‍ സാധിക്കുന്നതില്‍ വലിയ അഭിമാനമുണ്ടെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.
കോണ്‍ഗ്രസിന് വലിയ വേരോട്ടമുള്ള ചാലക്കുടിയില്‍ അപ്രതീക്ഷിതമായാണ് കഴിഞ്ഞ തവണ തോല്‍വി നേരിട്ടത്. ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുകയെന്ന ദൗത്യമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. ഈ ദൗത്യത്തില്‍ വിജയിക്കുമെന്ന പരിപൂര്‍ണ വിശ്വാസമുണ്ടെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ തകര്‍ത്തെറിയാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിനെതിരായി ജനം വിധിയെഴുതുമെന്നും ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വലിയ വിജയം നേടുമെന്നും അദ്ദേഹം അറിയിച്ചു.
താര പ്രഭയല്ല, വികസനവും രാഷ്ട്രീയവുമാണ് തെരഞ്ഞെടുപ്പില്‍ വിഷയമാകേണ്ടത്. ചാലക്കുടിയിലെ വികസനവും രാജ്യത്തെ രാഷ്ട്രീയ സാഹചര്യവുമാണ് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും ബെന്നി ബെഹനാന്‍ കൂട്ടിച്ചേര്‍ത്തു.