തിരുവനന്തപുരം: കേരളത്തിലെ 20 സീറ്റിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഇടതു – വലതു മുന്നണികള്‍.
ദേശീയ നേതാക്കളെ തന്നെ രംഗത്തിറക്കാനാണ് സി.പി.എം ആലോചന. കോണ്‍ഗ്രസ്സ് ആവട്ടെ സുധീരനെയും ഉമ്മന്‍ ചാണ്ടിയെയും ഉള്‍പ്പെടെ രംഗത്തിറക്കാനുള്ള നീക്കത്തിലുമാണ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലും ത്രിപുരയിലും കാര്യമായ പ്രതീക്ഷയില്ലാത്തതിനാല്‍ സി.പി.എമ്മിന്റെ ദേശീയ നേതാക്കള്‍ കേരളത്തില്‍ മത്സരിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രത്തില്‍ ഇടതുപിന്തുണയുള്ള ബി.ജെ.പി.യിതര സര്‍ക്കാര്‍ വന്നാല്‍ വിലപേശല്‍ ശക്തിയായി നില്‍ക്കാനുള്ള നേതൃത്വം സി.പി.എമ്മിന് പാര്‍ലമെന്റിലുണ്ടാകണമെന്ന ചിന്തയാണ് ഇതിന് പിന്നില്‍.പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടിനും വൃന്ദാ കാരാട്ടിനുമാണ് ഇതില്‍ പ്രധാന പരിഗണന. കേന്ദ്ര കമ്മിറ്റിയംഗമായ വിജു കൃഷ്ണന്റെ പേരും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസര്‍കോട് മണ്ഡലങ്ങളിലേതെങ്കിലുമാണ് ദേശീയനേതാക്കള്‍ക്കായി നല്‍കുക. കാരാട്ടാണെങ്കില്‍ കണ്ണൂര്‍ നല്‍കിയേക്കും.പ്രകാശ് കാരാട്ടിനെയോ വൃന്ദയെയോ പാലക്കാട്ട് മത്സരിപ്പിക്കാനും ആലോചനയുണ്ട്. കാരാട്ടിന്റെ ജന്മസ്ഥലം കൂടിയാണ് പാലക്കാട്. രണ്ടു ടേം പൂര്‍ത്തിയാക്കിയ എം.ബി. രാജേഷിന് വീണ്ടും സീറ്റ് നല്‍കുന്ന കാര്യം സംശയമാണ്. പി.കെ. ശശി വിവാദത്തില്‍ പരാതിക്കാരിയായ പെണ്‍കുട്ടിക്കൊപ്പംനിന്ന നേതാവാണ് രാജേഷ്. ഈ വിഭാഗീയത തിരഞ്ഞെടുപ്പില്‍ നിഴലിക്കുമോയെന്ന സംശയവും നേതാക്കള്‍ക്കുണ്ട്. ഇതിനുള്ള മറുമരുന്ന് കൂടിയാകും ദേശീയ നേതാക്കളെ മത്സരത്തിനിറക്കുന്നത്.
ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ കര്‍ഷകരുടെ ലോങ്മാര്‍ച്ചിന് നേതൃത്വംകൊടുത്ത നേതാവാണ് വിജു കൃഷ്ണന്‍. അദ്ദേഹത്തെ കൊല്ലത്തു പരിഗണിക്കുമെന്ന വാര്‍ത്തയുണ്ടെങ്കിലും പാര്‍ട്ടി ജില്ലാനേതൃത്വത്തിന് താത്പര്യമില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബാലഗോപാലിനെയാണ് കൊല്ലത്ത് പ്രതീക്ഷിക്കുന്നത്.
ബംഗാളിലും ത്രിപുരയിലും നിലവില്‍ രണ്ടുവീതം എം.പി.മാരാണ് സി.പി.എമ്മിനുള്ളത്. എന്നാല്‍, ഈ സീറ്റുകള്‍ നിലനിര്‍ത്തുകപോലും വലിയ കടമ്പയാണ്. ത്രിപുരയില്‍ ബി.ജെ.പി.യുടെ പ്രതിരോധത്തില്‍ സംഘടനാപ്രവര്‍ത്തനംപോലും നടത്താനാവാത്ത സ്ഥിതിയിലാണ് സി.പി.എം. തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മുന്നണിയുടെ ഭാഗമായി ഓരോ സീറ്റില്‍വീതം സി.പി.എം. മത്സരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇവിടെയൊന്നും ദേശീയ നേതാക്കള്‍ക്ക് സാധ്യതയില്ല.
പാര്‍ലമെന്ററി രംഗത്ത് ഇതുവരെ കാരാട്ടുണ്ടായിരുന്നില്ല. ഒന്നാം യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ഇടതുപാര്‍ട്ടികള്‍ നിര്‍ണായക ശക്തിയായപ്പോള്‍ പാര്‍ലമെന്റിന് അകത്തും പുറത്തും നേതാക്കളുണ്ടായിരുന്നു. ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ അതിനെ നയിച്ചത് കാരാട്ടാണ്. അന്നത്തെ രാഷ്ട്രീയ സാഹചര്യമാണ് ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം സി.പി.എം. പ്രതീക്ഷിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് കേരളത്തില്‍ പ്രമുഖര്‍ മത്സരത്തിനിറങ്ങണമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും നിര്‍ദേശിക്കുന്നത്. ഇതോടെ ഉമ്മന്‍ ചാണ്ടിയുടെയും വി.എം. സുധീരന്റെയും ഉള്‍പ്പെടെ പേരുകള്‍ മത്സരരംഗത്തേക്ക് വീണ്ടും ഉയര്‍ന്നുവരുന്നു. ഉമ്മന്‍ ചാണ്ടി മത്സരിക്കാന്‍ തീരുമാനിച്ചാല്‍ ഏറെ സന്തോഷവാനാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവര്‍ത്തിക്കുന്നത് ഹൈക്കമാന്‍ഡിന്റെ താത്പര്യംകൂടി ഉള്‍ക്കൊണ്ടാണ്. ജയസാധ്യതമാത്രമാകണം യോഗ്യതയെന്നതാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
കോട്ടയം തന്നെയാണ് ഉമ്മന്‍ ചാണ്ടിക്ക് അനുയോജ്യമായ മണ്ഡലം നിലവില്‍ അത് കേരള കോണ്‍ഗ്രസിന്റെ പക്കലാണ്. ഇടുക്കി, കോട്ടയം സീറ്റുകള്‍ വെച്ചുമാറി ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയരുന്ന ആവശ്യം. കോട്ടയത്ത് സി.പി.എം. ആയിരിക്കും മറുഭാഗത്ത്. വൈക്കം നഗരസഭാ മുന്‍ ചെയര്‍മാന്‍ പി.കെ. ഹരികുമാറിന്റെ പേരിനാണ് സി.പി.എമ്മില്‍ മുന്‍തൂക്കം.
കോട്ടയത്തിനുപുറമേ ഇടുക്കി, ചാലക്കുടി സീറ്റുകളില്‍ ഏതെങ്കിലുമൊന്നുകൂടി വേണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയ പശ്ചാത്തലത്തില്‍ ഈ ആവശ്യം പരിഗണിച്ചേക്കില്ല. അതേസമയം ഉമ്മന്‍ ചാണ്ടി ഇടുക്കിയില്‍ മത്സരിച്ചാല്‍ അതിനെ സ്വാഗതംചെയ്യുമെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കി. കോട്ടയത്ത് ഉമ്മന്‍ ചാണ്ടി നിന്നാല്‍ ഇടുക്കിയില്‍ പി.ജെ. ജോസഫ് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയേറെയാണ്.
അതേസമയം കേരള കോണ്‍ഗ്രസിന് രാജ്യസഭാസീറ്റ് നല്‍കുന്ന ഘട്ടത്തില്‍ കോട്ടയം സീറ്റ് മാണി ഗ്രൂപ്പിന് നല്‍കാന്‍ ധാരണയായിരുന്നു. താന്‍കൂടി പങ്കെടുത്ത ചര്‍ച്ചയില്‍ ധാരണ ഉണ്ടാക്കിയശേഷം സീറ്റ് തിരിച്ചെടുക്കുന്നതിനോട് ഉമ്മന്‍ ചാണ്ടിക്ക് യോജിപ്പില്ലെന്നാണ് അറിയുന്നത്. എങ്കിലും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ അദ്ദേഹം വഴങ്ങേണ്ടിവരും.
കഴിഞ്ഞതവണ കൈവിട്ട തൃശ്ശൂര്‍ തിരിച്ചുപിടിക്കാന്‍ വേണ്ടിവന്നാല്‍ വി.എം. സുധീരന്‍ മത്സരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. താന്‍ മത്സരത്തിനില്ലെന്ന് സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഹൈക്കമാന്‍ഡിനെ സംബന്ധിച്ച് ജയസാധ്യതയാണ് പ്രധാനം.
ചാലക്കുടിയില്‍ യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബെഹനാനെ മത്സരിപ്പിക്കണമെന്ന അഭിപ്രായത്തിന് മുന്‍തൂക്കമുണ്ട്. കഴിഞ്ഞപ്രാവശ്യം തോറ്റ പി.സി. ചാക്കോ ഇപ്രാവശ്യം മത്സരിക്കുന്നില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ചാലക്കുടി, തൃശ്ശൂര്‍ സീറ്റുകള്‍ ഒരു പാക്കേജായിട്ടായിരിക്കും തീരുമാനിക്കുക.
ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ് പ്രാദേശിക പരിപാടികളില്‍ പങ്കെടുത്തുതുടങ്ങി. സിറ്റിങ് എം.എല്‍.എയായിട്ടും അടൂര്‍ പ്രകാശിനെ ആറ്റിങ്ങലില്‍ മത്സരിപ്പിക്കുന്നതും ജയത്തിനുള്ള എല്ലാവഴികളും തേടുന്നതിന്റെ ഭാഗമാണ്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വടകര മണ്ഡലത്തില്‍ കെ.എസ്.യു. പ്രസിഡന്റ് കെ.എം. അഭിജിത്തിനാണ് മുന്‍ഗണന. യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് കെ.പി. അനില്‍കുമാറിന്റെ പേരും പരിഗണിക്കപ്പെടുന്നുണ്ട്.
സംഘടനാച്ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായതിനാല്‍ കെ.സി. വേണുഗോപാല്‍ ഇനി മത്സരിക്കുന്ന കാര്യം ത്രിശങ്കുവിലാണ്. അദ്ദേഹം മത്സരിച്ചില്ലെങ്കില്‍ പി.സി വിഷ്ണുനാഥിനാവും നറുക്ക് വീഴുക.
ഇതിനിടെ താന്‍ മത്സരിക്കാനില്ലന്ന് വ്യക്തമാക്കി വീണ്ടും ഉമ്മന്‍ ചാണ്ടി രംഗത്ത് വന്നിട്ടുണ്ട്. എം.എല്‍.എമാര്‍ മത്സരിക്കേണ്ടതില്ലെന്നതാണ് ധാരണയെന്നും മറിച്ചൊരു തീരുമാനം ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.