തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും

kodiyeri pinaray

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാന്‍ സി.പി.എമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. പാര്‍ലമെന്റ് മണ്ഡലം കമ്മറ്റികളുടെ നിലപാട് കൂടി പരിഗണിച്ച ശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് രാവിലെ യോഗം ചേര്‍ന്ന് അന്തിമ പട്ടിക തയ്യാറാക്കും.

തുടര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടിക സംസ്ഥാന കമ്മറ്റിയില്‍ അവതരിപ്പിക്കും. ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാന കമ്മറ്റി അംഗീകരിക്കുന്ന പേരുകള്‍ പൊളിറ്റ് ബ്യൂറോയുടെ അനുമതിയോടെ ശനിയാഴ്ച പ്രഖ്യാപിക്കും.

സിറ്റിംങ് എം.പിമാരില്‍ പി. കരുണാകരനും ഇന്നസെന്റിനും ഒഴികെ ബാക്കി എല്ലാവരുടേയും സ്ഥാനാര്‍ത്ഥിത്വ കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. ചാലക്കുടിയില്‍ ഇന്നസെന്‍റിന് പകരം പി.രാജിവിനെയോ സാജു പോളിനെയോ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ സെക്രട്ടറിയേറ്റായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്.

കാസര്‍ഗോഡ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയേയും സംസ്ഥാനസെക്രട്ടറിയേറ്റ് ആയിരിക്കും തീരുമാനിക്കുക. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളുടെ കാര്യത്തിലും സംസ്ഥാനനേതൃത്വമായിരിക്കും അന്തിമതീരുമാനമെടുക്കുന്നത്. കോട്ടയത്തേക്ക് വാസവന്റെ പേരിനാണ് പ്രഥമപരിഗണന. വനിത സ്ഥാനാര്‍ത്ഥി വേണമെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചാല്‍ ഡോക്ടര്‍ സിന്ധുമോള്‍ ജേക്കബ് അവിടെ സ്ഥാനാര്‍ത്ഥിയാകും. ഒമ്പതാം തിയതി സി.പി.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Top