മൂന്നാം സീറ്റ് ചോദിച്ച് കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ലീഗിനു നേരെ പൊന്നാനിയില്‍ പോര്‍മുഖം തുറന്നിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.
പൊന്നാനി മണ്ഡലത്തില്‍ ഇ.ടി മുഹമ്മദ്ബഷീറിനെ മത്സരിപ്പിക്കേണ്ടെന്നാണ് യൂത്ത് കോണ്‍ഗ്രസ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി രാഷ്ട്രീയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് കലാപക്കൊടി ഉയര്‍ത്തിയത് മൂന്നാം സീറ്റ് വാദത്തില്‍ നിന്നും ലീഗിനെ പിന്തിരിപ്പിച്ച് വയനാട് സീറ്റ് ഉറപ്പിക്കാനാണ്.
ജനറല്‍ സെക്രട്ടറി ഷെബീറാണ് പ്രമേയം അവതരിപ്പിച്ചത്. ഇ.ടിക്കുപകരം പി.കെ കുഞ്ഞാലിക്കുട്ടിയോ അതുപോലെയുള്ള നേതാക്കളോ വേണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. യു.ഡി.എഫില്‍ സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കാന്‍ ചില ഘടകകക്ഷികള്‍ ശ്രമിക്കുന്നുവെന്ന ആരോപണവും യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയിട്ടുണ്ട്.
ഇ.ടിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തെ ആശങ്കയോടെയാണ് ലീഗ് നേതൃത്വം നോക്കിക്കാണുന്നത്. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിനെയും മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയെയും സ്ഥാനാര്‍ത്ഥിയാക്കാന്‍ നേരത്തെ തന്നെ ലീഗ് നേതൃത്വം തീരുമാനിച്ചതാണ്.
പൊന്നാനിയില്‍ ഇ.ടിയെ മറ്റണമെന്ന യൂത്ത് ലീഗിലെ ഒരു വിഭാഗത്തിന്റെ ആവശ്യം പോലും അവഗണിച്ചാണ് ഇ.ടി മുഹമ്മദ് ബഷീറിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം ലീഗെടുത്തിരുന്നത്. ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയില്‍ ലീഗിന്റെ ലക്ഷങ്ങളുടെ ഭൂരിപക്ഷം പതിനായിരങ്ങളിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കണ്ടത്.
ജി.എം ബനാത്ത്‌വാലയെയും സുലൈമാന്‍സേട്ടിനെയും മണ്ഡലത്തില്‍ പ്രചരണത്തിനുപോലും ഇറക്കാതെ ലക്ഷങ്ങളുടെ ഭൂരിപക്ഷവുമായി പാര്‍ലമെന്റിലെത്തിച്ച പൊന്നാനിയില്‍ കഴിഞ്ഞ തവണ ഇടി കടന്നുകൂടിയത് കേവലം 25,410 വോട്ടിനാണ്. 2014ല്‍ ഇ.ടിക്കെതിരെ മത്സരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവായ വി. അബ്ദുറഹിമാന്‍ ഇപ്പോള്‍ താനൂരിലെ ഇടതുപക്ഷ എം.എല്‍.എയാണ്.
തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി, തവനൂര്‍, കോട്ടക്കല്‍, തൃത്താല മണ്ഡലങ്ങളാണ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗില്‍ നിന്നും താനൂര്‍ പിടിച്ചെടുത്ത് ഇടതുപക്ഷം പൊന്നാനിയും തവനൂരും മികച്ച ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തുകയും തിരൂരങ്ങാടിയില്‍ ലീഗിന് ഭൂരിപക്ഷം ഗണ്യമായി കുറക്കുകയും ചെയ്തിരുന്നു.
നിയമസഭയിലേക്ക് പൊന്നാനിയിലെ മണ്ഡലങ്ങളില്‍ ഇടതുപക്ഷം നടത്തിയ കുതിപ്പ് ഇത്തവണ ആവര്‍ത്തിച്ചാല്‍ കാത്തുസൂക്ഷിച്ച പൊന്നാനി ലോക്‌സഭാ മണ്ഡലം കൈവിട്ട് പോകുമെന്ന ആശങ്ക ലീഗ് നേതൃത്വത്തിനുണ്ട്. അതിനാല്‍ മൂന്നാം സീറ്റായി വയനാട് ആവശ്യപ്പെടാതെ കോണ്‍ഗ്രസുമായി അനുരഞ്ജനത്തിനുള്ള നീക്കമാണ് ലീഗ് നേതൃത്വം ഇപ്പോള്‍ സ്വീകരിച്ച് വരുന്നത്.
അതേ സമയം ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിനു വഴങ്ങി പൊന്നാനിയില്‍ നിന്നും പിന്‍മാറാന്‍ തയ്യാറല്ലന്ന നിലപാടിലാണ് ഇ.ടി മുഹമ്മദ് ബഷീര്‍.യൂത്ത് കോണ്‍ഗ്രസ്സിന്റെ നീക്കം വയനാട് മണ്ഡലം വിട്ടുകൊടുക്കാതെയിരിക്കാന്‍ നടത്തുന്ന നീക്കമായിട്ടാണ് ഇടിയെ അനുകൂലിക്കുന്നവരും കാണുന്നത്.
പാരവയ്പ്പുമായി കോണ്‍ഗ്രസ്സ് ഇറങ്ങിയാല്‍ മലബാറിലെ ഒരു സീറ്റില്‍ നിന്നു പോലും കോണ്‍ഗ്രസ്സ് വിജയിക്കില്ലന്നും മുസ്ലീം ലീഗിലെ പ്രബല വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
യൂത്തന്‍മാരെ മുന്നില്‍ നിര്‍ത്തി ‘കളിക്കുന്ന’ സ്ഥാനാര്‍ത്ഥി മോഹികളെ തിരഞ്ഞെടുപ്പ് കളത്തില്‍ കണ്ടോളാം എന്ന നിലപാടിലാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍.വയനാട് സീറ്റില്‍ തുടങ്ങി പൊന്നാനിയില്‍ എത്തി നില്‍ക്കുന്ന യു.ഡി.എഫിലെ ഭിന്നത കോണ്‍ഗ്രസ്സ് ലീഗ് നേതൃത്വങ്ങള്‍ക്ക് വലിയ തലവേദനയാണ് ഇപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്. ലീഗ് പ്രവര്‍ത്തകര്‍ ചതിച്ചാല്‍ വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നതിനാല്‍ തന്ത്രപരമായാണ് കോണ്‍ഗ്രസ്സ് നീക്കങ്ങള്‍.
യു.ഡി.എഫിലെ ഈ തര്‍ക്കങ്ങളെ ആകാംക്ഷയോടെ കാണുന്ന സി.പി.എം ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ പൊന്നാനിയില്‍ മത്സരിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഒന്ന് ആഞ്ഞ് പിടിച്ചാല്‍ ലീഗിന്റെ പൊന്നാപുരം കോട്ടയില്‍ ചെങ്കൊടി പാറുമെന്നാണ് സി.പി.എം കണക്ക് കൂട്ടുന്നത്.
പൊന്നാനി ലോകസഭ മണ്ഡലത്തില്‍പ്പെട്ട തിരൂരിലെ ബ്ലോക്ക് പഞ്ചായത്ത് ഭരണം ഉപതിരഞ്ഞൈടുപ്പിലൂടെ പിടിക്കാന്‍ കഴിഞ്ഞത് സി.പി.എമ്മിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.കാര്യങ്ങള്‍ എന്തായാലും,പൊന്നാനിയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ മത്സരമാണ് ഇത്തവണ നടക്കുക എന്ന കാര്യം ഉറപ്പാണ്.
അതേസമയം രാഷ്ട്രീയ പ്രമേയം പാസാക്കിയതില്‍ ഖേദം പ്രകടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് നിലപാട് വ്യക്തമാക്കിയത്. പ്രമേയത്തിലെ പരാമര്‍ശം പിന്‍വലിക്കുന്നതായും നേതൃത്വം അറിയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഖേദം പ്രകടിപ്പിക്കല്‍.
തെറ്റ് ഏറ്റുപറഞ്ഞു പരസ്യമായി വിശദീകരണം നല്‍കാനാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. പ്രമേയം അവതരിപ്പിക്കുന്നതിനു തൊട്ടുമുൻപാണ് ഇക്കാര്യം അറിഞ്ഞതെന്നും അപ്പോള്‍ തന്നെ അതു തിരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂര്‍ പറഞ്ഞു. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട പ്രമേയത്തിലെ പരാമര്‍ശം മുന്നണി മര്യാദയ്ക്ക് യോജിച്ചതല്ലെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന്റെ ഐക്യം തകര്‍ക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസ് പ്രമേയമെന്ന് മുസ്ലീം ലീഗ് ജില്ലാ നേതൃത്വം കുറ്റപ്പെടുത്തിയിരുന്നു. ഘടക കക്ഷിയുടെ സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞതിനെതിരെ സംഘടനയ്ക്കുള്ളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രമേയം ലീഗ് അണികള്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാക്കിയതിന് പിന്നാലെയാണ് പ്രമേയത്തെക്കുറിച്ച് ഖേദപ്രകടനവുമായി യൂത്ത് കോണ്‍ഗ്രസ് എത്തുന്നത്.