അവസരവാദ രാഷ്ട്രീയത്തിന്റെ വിളനിലമായി മാറിയിരിക്കുകയാണിപ്പോള്‍ മിനി ഇന്ത്യ എന്നറിയപ്പെടുന്ന യു.പി. ലോകസഭയിലേക്ക് ഏറ്റവും അധികം എം.പിമാരെ സംഭാവന ചെയ്യുന്ന ഈ സംസ്ഥാനത്ത് റിബലുകള്‍ വ്യാപകമായി ഉദയം ചെയ്യുന്ന കാഴ്ചയാണ് എങ്ങും കാണാന്‍ സാധിക്കുന്നത്. 80 ലോക്‌സഭ സീറ്റുകളില്‍ 38 സീറ്റില്‍ ബി.എസ്.പിയും 37 സീറ്റില്‍ എസ്.പിയും മത്സരിക്കാന്‍ ധാരണയായതോടെയാണ് റിബലുകള്‍ തലപൊക്കിയത്. ബാക്കി സീറ്റുകള്‍ ആര്‍.എല്‍.ഡി ഉള്‍പ്പെടെ ഉള്ള ചെറുകക്ഷികള്‍ക്കായാണ് ഈ സഖ്യം നീക്കിവച്ചിരിക്കുന്നത്. സ്വപ്നം കണ്ട സീറ്റുകള്‍ ലഭിക്കില്ലന്ന് അറിഞ്ഞതോടെ സ്ഥാന മോഹികള്‍ കളം മാറ്റുന്ന തിരക്കിലാണിപ്പാള്‍. മറ്റു ചിലര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ റിബലുകളായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലുമാണ്. കോണ്‍ഗ്രസ്സ് ആകട്ടെ എസ്.പി ബി.എസ്.പി സഖ്യത്തില്‍ നിന്നും പുറത്തായതില്‍ പ്രതിഷേധിച്ച് യു.പിയില്‍ ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനത്തിലാണ്.
എസ്.പി ബി.എസ്.പി സഖ്യത്തെ പ്രകോപിപ്പിക്കുന്ന നിലപാടുമായാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സും മുന്നോട്ട് പോകുന്നത്. സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ എം.പിയുമായ രാകേഷ് സചനെ കോണ്‍ഗ്രസ്സ് വലവീശി പിടിച്ചു കഴിഞ്ഞു. ഫത്തേപ്പൂര്‍ സിക്രിയില്‍ നിന്നും ഇദ്ദേഹം മത്സരിക്കുമെന്നാണ് സൂചന. മുന്‍പ് രാകേഷിനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നുവെങ്കിലും സഖ്യപ്രകാരം ബി.എസ്.പിക്ക് സീറ്റ് വിട്ട് കൊടുക്കേണ്ടി വന്നത് വിനയാകുകയായിരുന്നു. ബസ്തി മണ്ഡലം ബി.എസ്.പിക്ക് വിട്ടു നല്‍കിയതില്‍ പ്രതിഷേധിച്ച് സമാജ് വാദി പാര്‍ട്ടി വിട്ട ബ്രാജ് കിഷോര്‍ സിങ് സീറ്റു ലഭിക്കാനായി ബി.ജെ.പിയുമായാണ് ചര്‍ച്ച നടത്തുന്നത്. 2014ല്‍ ഈ മണ്ഡലത്തില്‍ നിന്നും ബി.ജെ.പിയുടെ ഹരീഷ് ദ്വിവേദിയോടാണ് കിഷോര്‍ സിങ് തോറ്റിരുന്നത്.അലിഗഡിലും റിബലുകളാണ് വിധി നിര്‍ണ്ണയിക്കുക. ഇവിടെ നിന്നും മുന്‍ എം.എല്‍.എ മുകുള്‍ ഉപദ്ധ്യായ് ബി.ജെ.പിയിലേക്ക് കൂട് മാറിയിട്ടുണ്ട്. മുതിര്‍ന്ന ബി.എസ്.പി നേതാവ് രാംവീര്‍ ഉപാധ്യായുടെ സഹോദരനാണ് മുകള്‍ ഉപാധ്യായ്.
ആഗ്രയില്‍ മനോജ് സോണി ബി.എസ്.പി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത ഏറിയത് ബി.എസ്.പിയില്‍ വലിയ പൊട്ടിത്തെറിക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.
2014ല്‍ ഹാഥ്രസില്‍ നിന്നും മത്സരിച്ച് രണ്ടാമതെത്തിയ മനോജ് സോണി അഗ്രയിലേക്ക് മാറേണ്ടി വന്നത് എസ്.പിക്ക് സീറ്റ് വിട്ടു നല്‍കേണ്ടി വന്നതിനാലായിരുന്നു. അതേസമയം, പരസ്യമായി കലാപക്കൊടി ഉയര്‍ത്തിയ കുന്‍വര്‍ ചന്ദ് വാകിലിനെ ബി.എസ്.പി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ട്. നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സിലേക്കാണ് ഇയാള്‍ ചേക്കേറിയിരിക്കുന്നത്. ആഗ്രയിലെ മറ്റൊരു ബി.എസ്.പി നേതാവ് ഉമേഷ് സൈന്ധ്യ ബി.ജെ.പിയിലേക്കാണ് കളം മാറ്റി ചവിട്ടിയത്. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ യുപിയില്‍ ഇതാണ് സ്ഥിതിയെങ്കില്‍ പ്രഖ്യാപനം വന്നാല്‍ എന്താകും അവസ്ഥ എന്നത് കണക്ക് കൂട്ടലിനും അപ്പുറമാകും.
പ്രതിപക്ഷത്ത് റിബലുകളെ വ്യാപകമാക്കി ഉയര്‍ത്തി കൊണ്ടുവരാന്‍ ബി.ജെ.പി തന്ത്രപരമായ ഇടപെടലാണ് നടത്തി വരുന്നത്. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്നതാണ് കാവി പടയുടെ ലക്ഷ്യം. എസ്.പി ബി.എസ്.പി സഖ്യം റിബല്‍ ശല്യമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ യു.പി യില്‍ നിന്നും വാഷ് ഔട്ട് ആകുമെന്ന് നല്ലപോലെ ബി.ജെ.പി നേതൃത്വത്തിന് അറിയാം. അതുകൊണ്ടാണ് റിബലുകളുടെ കാര്യത്തില്‍ ഈ ജാഗ്രത. എസ്.പി ബി.എസ്.പി പാര്‍ട്ടികളിലെ അസംതൃപ്തരെ ലക്ഷ്യമിട്ട് സംഘപരിവാര്‍ സംഘടനകള്‍ ഭരണ സ്വാധീനം ഉപയോഗിച്ച് വലിയ ഇടപെടലുകളാണ് നടത്തി വരുന്നത്. ഇവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെ വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ്സ് ഇപ്പോള്‍ സ്വീകരിച്ച നിലപാടും ആത്യന്തികമായി ബി.ജെ.പിയെ സഹായിക്കുന്നതാണ്. ശക്തമായ ത്രികോണ മത്സരത്തില്‍ പ്രതിപക്ഷ വോട്ടുകള്‍ ചിന്നി ചിതറി ബി.ജെ.പിക്ക് നേട്ടമാകുമെന്നത് മനസ്സിലാക്കി തന്നെയാണ് കോണ്‍ഗ്രസ്സ് നീക്കം. സോണിയയുടെയും രാഹുലിന്റെയും മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ സഹായിച്ചതിന്റെ നന്ദി കോണ്‍ഗ്രസ്സ് കാണിച്ചിട്ടില്ലന്ന വികാരം എസ്.പിക്കും ബി.എസ്.പിക്കും ഉണ്ട്. ഈ സാഹചര്യത്തില്‍ അവസാന നിമിഷം റായ്ബറേലിയിലും അമേഠിയിലും എസ്.പി ബി.എസ്.പി സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും സാധ്യത ഉണ്ട്. കോണ്‍ഗ്രസ്സ് ഹൈക്കമാന്റിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാകും ഇത്.
ഗാന്ധി കുടുംബം യുപിയില്‍ അടിതെറ്റി വീഴുന്നത് സ്വപ്നത്തില്‍ പോലും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. മാത്രമല്ല തിരഞ്ഞെടുപ്പിന് ശേഷം എസ്.പിയുടെയും ബി.എസ്.പിയുടെയും പിന്തുണ കോണ്‍ഗ്രസ്സിന് അനിവാര്യവുമാണ്. ഈ യാഥാര്‍ത്ഥ്യം മുന്നില്‍ കണ്ട് എസ്.പി നേതാവ് അഖിലേഷിനെ രാഹുല്‍ ഗാന്ധിയും മായാവതിയെ സോണിയ ഗാന്ധിയും അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
അതേ സമയം പ്രിയങ്കയെ മുന്‍ നിര്‍ത്തി യുപിയില്‍ അത്ഭുതം സൃഷ്ടിക്കാന്‍ പറ്റുമെന്ന ആത്മവിശ്വാസത്തിലാണ് യു.പിയിലെ കോണ്‍ഗ്രസ്സ് നേതൃത്വം. എസ്.പിയുടെയും ബി.എസ്.പിയുടെയും പിന്നാലെ പോകേണ്ടതില്ലന്നതാണ് പി.സി.സി നേതൃത്വത്തിന്റേയും നിലപാട്. യു.പി പിടിക്കുന്ന പാര്‍ട്ടി രാജ്യം ഭരിക്കും എന്നതാണ് മുന്‍ കാല ചരിത്രം. നരേന്ദ്ര മോദിക്ക് 2014ല്‍ വമ്പന്‍ ഭൂരിപക്ഷത്തിന് അധികാരത്തില്‍ വരാന്‍ കഴിഞ്ഞതും യു പി കനിഞ്ഞത് കൊണ്ടാണ്. 80 ല്‍ 71 സീറ്റും തൂത്ത് വാരിയാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരുന്നത്. വീണ്ടും ഒരിക്കല്‍ കൂടി ചരിത്രം ആവര്‍ത്തിക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞാല്‍ അതിന് കോണ്‍ഗ്രസ്സും ഇനി ഉത്തരവാദിയായിരിക്കും.