സകലപിന്തിരിപ്പന്‍ ശക്തികളും കുത്തക മാധ്യമങ്ങളും ഇപ്പോള്‍ ആഘോഷമാക്കുന്നത് ഇടതുപക്ഷത്തിന്റെ പരാജയമാണ്. ഒറ്റ സീറ്റില്‍ ഒതുങ്ങിപ്പോയാല്‍ ചുവപ്പ് രാഷ്ട്രീയം അങ്ങ് അസ്തമിച്ച് പോകുമെന്നാണ് ഇക്കൂട്ടരുടെ ധാരണ. അവരോട് സഹതപിക്കുകയേ നിവൃത്തിയൊള്ളൂ.
കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് തിരഞ്ഞെടുപ്പിലെ വിജയവും പരാജയവും ഒന്നും അവരുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതല്ല. പാര്‍ലമെന്ററി രാഷ്ട്രീയവും അധികാരസ്ഥാനങ്ങളുമാണ് എല്ലാം എന്ന് കരുതുന്നവര്‍ക്ക് മറിച്ചാണ് തോന്നുക. അത് അവരുടെ സ്വാതന്ത്ര്യമാണ്.
തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോല്‍വിയും വിജയവും സ്വാഭാവികമാണ് ഇടതുപക്ഷത്തിന് തന്നെ സമ്പൂര്‍ണ്ണ പരാജയം ലഭിച്ച തിരഞ്ഞെടുപ്പുകള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. 77 ലെ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റുപോലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കിട്ടിയിട്ടില്ല. എന്നാല്‍ 80 ലെ തിരഞ്ഞെടുപ്പില്‍ ശക്തമായി തിരിച്ചു വന്നു. ഇതു പോലെ പിന്നീട് പല കാലഘട്ടത്തിലും വിജയവും പരാജയവും ഉണ്ടായിട്ടുണ്ട്. ചുവപ്പിന്റെ അസ്തമയം ആഘോഷിക്കുന്നവര്‍ ഇക്കാര്യം കൂടി ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്.
ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചത് എന്താണെന്ന് ഗൗരവമായി പരിശോധിക്കേണ്ടത് തന്നെയാണ്. ന്യൂനപക്ഷ വോട്ടുകള്‍ സംഘടിതമായി യു.ഡി.എഫിന് പോയതാണ് ഇടതുപക്ഷത്തിന് തിരിച്ചടിയായത്. അതായത് ഒരു സാമുദായിക ഏകീകരണം വ്യക്തമാണ്. ബി.ജെ.പി എന്ന ഭയത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സ് എന്ന തുരുത്ത് തേടിയ ന്യൂനപക്ഷ വിഭാഗക്കാരോട് ഒരു ചോദ്യം. കോണ്‍ഗ്രസ്സിന് നിങ്ങള്‍ ചെയ്ത വോട്ട് ഇപ്പോള്‍ ശരിക്കും പാഴായില്ലേ ?.
ഏറ്റവും കൂടുതല്‍ കാലം ഇന്ത്യ ഭരിച്ച ആ പാര്‍ട്ടിക്ക് നിലവില്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ന്യൂനപക്ഷങ്ങള്‍ തമിഴകത്തും ആന്ധ്രയിലും, തെലങ്കാനയിലും ഒഡീസയിലും, യു.പിയിലും എല്ലാം പിന്തുണച്ചത് പ്രാദേശിക പാര്‍ട്ടികളെയാണ് അല്ലാതെ കോണ്‍ഗ്രസ്സിനെയല്ല. കോണ്‍ഗ്രസ്സുകാരുടെ കയ്യിലിരിപ്പ് അറിയുന്നതു കൊണ്ടാണ് അവിടുത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ബദല്‍ മാര്‍ഗ്ഗം തേടിയത്.
പക്ഷേ അത്തരമൊരു പരിഗണന കേരളത്തില്‍ ഇടതുപക്ഷത്തിന് നിങ്ങള്‍ നല്‍കിയില്ല. അത് എന്തുകൊണ്ടാണെന്ന് അറിയാനുള്ള അവകാശം ഇവിടുത്തെ ഓരോ കമ്യൂണിസ്റ്റുകാരനും ഉണ്ട്.
കാരണം ന്യൂനപക്ഷ സമുദായത്തെ എക്കാലത്തും കടന്നാക്രമണങ്ങളില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തുന്നതിന് മുന്നില്‍ നിന്ന് പൊരുതിയത് ഇടതുപക്ഷമാണ്. നിരവധി പ്രവര്‍ത്തകരെ സിപിഎമ്മിന് തന്നെ ബലികൊടുക്കേണ്ടി വന്നിട്ടുണ്ട്. തലശ്ശേരി കലാപം തന്നെ ചെറിയ ഉദാഹരണമാണ്.
ഇത്തരത്തില്‍ പലപ്പോഴും വലിയ വില കൊടുക്കേണ്ടി വന്നിട്ടും നിലപാട് തിരുത്താന്‍ ഇടതുപക്ഷമോ സി.പി.എമ്മോ തയ്യാറായിട്ടില്ല. ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കുന്നവരല്ല കമ്യൂണിസ്റ്റുകള്‍. പ്രത്യശാസ്ത്രപരമായ അടിത്തറയില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിസ്റ്റുകള്‍ക്ക് മനുഷ്യനെ മനുഷ്യനായേ കാണാന്‍ പറ്റൂ.
കേരളത്തില്‍ സംഘപരിവാര്‍ കടന്നാക്രമണങ്ങളില്‍ നിന്ന് ഇടതുപക്ഷവും സി.പി.എമ്മും അല്ലാതെ മറ്റാരാണ് ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക? അടി എന്ന് എഴുതി കാണിച്ചാല്‍ പോലും ഓടി ഒളിക്കുന്ന കോണ്‍ഗ്രസ്സിനെയാണോ നിങ്ങള്‍ വിശ്വസിക്കുന്നത് ?
ഇപ്പോള്‍ സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പല നേട്ടങ്ങള്‍ക്ക് പിന്നിലും സി.പി.എമ്മിന്റെയും ഇടതുപക്ഷ സര്‍ക്കാറുകളുടെയും കയ്യൊപ്പുണ്ട്. കേരളത്തില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടാകാത്തത് ഇവിടെ കമ്യൂണിസ്റ്റുകള്‍ ശക്തമായത് കൊണ്ടാണ്. ചുവപ്പിനെ കൈവിട്ട സംസ്ഥാനങ്ങളില്‍ സംഘപരിവാറാണ് പിടിമുറുക്കുന്നത് .ബംഗാളും ത്രിപുരയും അതിന് നേര്‍ക്കാഴ്ച്ചയാണ്.
ഇവിടങ്ങളില്‍ ഇടതുപക്ഷ ഭരണം ഉണ്ടായ കാലഘട്ടങ്ങളില്‍ ഒരൊറ്റ വര്‍ഗ്ഗീയ കലാപങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒരു ആള്‍ക്കൂട്ടക്കൊലപാതകങ്ങളും ഉണ്ടായിട്ടില്ല. ഗുജറാത്ത് കലാപത്തില്‍ കലാപകാരികളുടെ ആക്രമണത്തിന് ഇരയായ കുത്തുബ്ദീന്‍ അന്‍സാരിക്ക് അഭയം നല്‍കിയിരുന്നത് ബംഗാളിലെ കമ്യൂണിസ്റ്റ് സര്‍ക്കാരായിരുന്നു. ഒരു കോണ്‍ഗ്രസ് സര്‍ക്കാരുകളേയും അന്ന് സഹായത്തിന് കണ്ടിട്ടില്ല.
എന്നാല്‍ ഇപ്പോള്‍ മമത ഭരണത്തില്‍ വര്‍ഗ്ഗീയ കലാപങ്ങളും ആക്രമണങ്ങളും ബംഗാളില്‍ നിത്യസംഭവങ്ങളാണ്. അതിന്റെ ഫലമാണ് ബി.ജെ.പിയുടെ മുന്നേറ്റം.
കേരളത്തില്‍ ഇതുവരെ വര്‍ഗ്ഗീയ ശക്തികള്‍ക്ക് വേരുറപ്പിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അവസരം കൊടുത്തിട്ടില്ല. ഒരു വര്‍ഗ്ഗീയ കലാപം നാട്ടില്‍ ഉണ്ടായാല്‍ പക്ഷേ അവസ്ഥ അതാകില്ല. ‘ചുവപ്പിന്റെ മരണം’ ആഗ്രഹിക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യം കൂടി ഉള്‍ക്കൊള്ളണം. കമ്യൂണിസ്റ്റുകള്‍ ഇല്ലാതാകുന്ന ഒരു കേരളം ഇഷ്ടപ്പെടുന്നില്ലന്ന് എ.കെ.ആന്റണി പോലും പറയുന്നത് സി.പി.എമ്മിനോടുള്ള സ്‌നേഹം കൊണ്ടല്ല, യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടാണ്.
ബി.ജെ.പിക്ക് ഇപ്പോള്‍ ഒറ്റക്ക് രാജ്യം ഭരിക്കാനുള്ള അവസരം ഉണ്ടാക്കിയത് തന്നെ കോണ്‍ഗ്രസ്സാണ്.കോണ്‍ഗ്രസ്സ് ഭരിക്കുന്ന കര്‍ണ്ണാടകയിലും രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പി കുതിച്ചു കയറിയത് ആരുടെ കഴിവു കൊണ്ടാണ് ? യു.പിയില്‍ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് കാവി പടക്ക് അവസരം ഒരുക്കിയത് ആരാണ് ? ഡല്‍ഹിയിലും പഞ്ചാബിലും ഹരിയാനയിലും പ്രതിപക്ഷ സഖ്യം തകര്‍ത്തത് ആരാണ് ? ഇതിനെല്ലാം ഒരൊറ്റ ഉത്തരമേയൊള്ളൂ അതാണ് കോണ്‍ഗ്രസ്സ്. യഥാര്‍ഥത്തില്‍ മോദി ഇപ്പോള്‍ ഏറെ കടപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസ്സിനോടാണ്.
ബി.ജെ.പിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന് ധരിച്ച് വോട്ട് ചെയ്തവരാണിപ്പോള്‍ ഇവിടെ ഇളിഭ്യരായിരിക്കുന്നത്.ബി.ജെ.പി വന്നാലും വേണ്ടില്ല കമ്യൂണിസ്റ്റുകള്‍ വിജയിക്കരുത് എന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ യു.ഡി.എഫ് നേതൃത്വം. അതുകൊണ്ടാണ് തന്ത്രപൂര്‍വ്വം അവര്‍ കരുക്കള്‍ നീക്കിയത്.
രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ ഇറക്കിയതും ഇതിന്റെ ഭാഗമാണ്. രക്ഷകന്‍ വന്നു എന്ന് പ്രചരിപ്പിച്ച് ന്യൂനപക്ഷ വിഭാഗത്തെ തെറ്റിധരിപ്പിച്ചു. ശബരിമല ഉയര്‍ത്തി ഭൂരിപക്ഷ സമുദായത്തിനിടയിലും ആശയ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചു.
തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കൃത്യമായി രാഷ്ട്രീയം പറഞ്ഞും .ജനങ്ങളുടെ ജീവിത ദുരിതം പറഞ്ഞുമാണ് വോട്ട് തേടിയത് മറ്റുള്ളവരാകട്ടെ വര്‍ഗ്ഗീയത പറഞ്ഞും ആശങ്ക പടര്‍ത്തിയും പ്രചരണം നടത്തി. ഒടുവില്‍ ഈ കളിയില്‍ അവര്‍ ജയിച്ചു.തോറ്റത് കമ്യൂണിസ്റ്റുകളല്ല, നേരിന്റെ രാഷ്ട്രീയമാണ്. ചെങ്കൊടിക്ക് ചരമഗീതം പാടുന്നവര്‍ സ്വയം ഓര്‍ക്കണം നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി തന്നെയാണ് അത് പാടുന്നത് എന്ന് .
Express kerala View