2018-19 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായി പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തെ തിരിച്ചയച്ചു. പൊലീസ് ആസ്ഥാനത്തു രേഖകള്‍ പരിശോധിക്കാനെത്തിയ അക്കൗണ്ടന്റ് ജനറല്‍ ഓഫിസിലെ ഉദ്യോഗസ്ഥ സംഘത്തെയാണ് പരിശോധന നടത്താന്‍ അനുവദിക്കാതെ പൊലീസ് തിരിച്ചയച്ചത്.
വിവാദമായ സിഎജി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് ഏതാനും ദിവസം മുന്‍പാണ് പൊലീസ് ആസ്ഥാനത്തു സംഘം പരിശോധനയ്ക്ക് എത്തിയത്. റിപ്പോര്‍ട്ടില്‍ തങ്ങള്‍ക്കെതിരെ പരാമര്‍ശമുണ്ടെന്നു മണത്തറിഞ്ഞ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് തുടര്‍പരിശോധനയോടു നിസ്സഹകരിക്കാന്‍ പൊലീസുകാര്‍ക്കു നിര്‍ദേശം നല്‍കി. സാമ്പത്തികവര്‍ഷത്തിന്റെ അവസാന സമയമായതിനാല്‍ തിരക്കാണെന്നും ഫയലുകളും മറ്റും നല്‍കുന്നത് ഓഫിസ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണു പരിശോധനാസംഘത്തെ പൊലീസ് തിരിച്ചയച്ചത്.
ഏപ്രില്‍ ആദ്യവാരം പരിശോധനയ്ക്കു തയാറാണെന്ന് പിന്നാലെ എജിയെ അറിയിക്കുകയായിരുന്നു. പരിശോധന ഒഴിവാക്കാന്‍ ഉന്നതതല സമ്മര്‍ദം നടക്കുന്നുണ്ടെന്നും സൂചനയുണ്ട്. പൊലീസ് സമ്മതിച്ചില്ലെങ്കിലും നിയമപരമായ വഴിയിലൂടെ ഓഡിറ്റ് നടത്തുമെന്ന നിലപാടിലാണു പരിശോധകര്‍. 2017-18 സാമ്പത്തികവര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലെ ക്രമക്കേടാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വഴിവിട്ട വാഹനം വാങ്ങലിനു സര്‍ക്കാരും കൂട്ടുനിന്നു.
2017ലാണ് 2 ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങാന്‍ 1.26 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനു പിന്നാലെ ടെന്‍ഡര്‍ പോലും വിളിക്കാതെ ഹിന്ദുസ്ഥാന്‍ മോട്ടോര്‍സില്‍ നിന്ന് 1.10 കോടി രൂപയ്ക്കു 2 ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുകയും 30% തുക കമ്പനിക്കു മുന്‍കൂറായി നല്‍കുകയും ചെയ്തു. എന്നാല്‍, ടെന്‍ഡര്‍ ക്ഷണിക്കാതെ വാങ്ങുന്നതിന് സര്‍ക്കാരില്‍നിന്നു മുന്‍കൂര്‍ അനുമതി വാങ്ങാത്തതു തിരിച്ചടിയാകുമെന്നു വന്നതോടെ, പൊലീസ് ആസ്ഥാനത്തുനിന്ന് ആഭ്യന്ത വകുപ്പിലേക്കു കത്തു പോയി. ടെന്‍ഡര്‍ ക്ഷണിക്കാതെ കാര്‍ വാങ്ങാന്‍ പണം നല്‍കിയത് അംഗീകരിക്കണമെന്നായിരുന്നു ആവശ്യം. പരസ്യ ടെന്‍ഡര്‍ വിളിക്കുന്നതു സുരക്ഷയ്ക്കു ഭീഷണിയാണെന്ന ന്യായവും കത്തില്‍ ചൂണ്ടിക്കാട്ടി. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആവശ്യം അംഗീകരിച്ച് ഉത്തരവുമിറക്കി.