ലണ്ടന്‍: ലണ്ടന്‍ ലൂട്ടണ് വിമാനത്താവളത്തില്‍ യാത്രക്കാരുടെ കൂട്ടത്തല്ല്. വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ സ്ഥാപനങ്ങളുടെ മുന്നിലാണ് യാത്രക്കാര്‍ തമ്മിലടിച്ചത്. മെയ് 14-ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
യാത്രക്കാരില്‍ ചിലര്‍ സംഘം ചേര്‍ന്ന് പരസ്പരം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ചിലര്‍ കൈയിലുണ്ടായിരുന്ന ബാഗുകളും പെട്ടികളും എതിരാളികള്‍ക്ക് നേരേ വലിച്ചെറിഞ്ഞു. നിരന്തരം ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തു.
സംഘര്‍ഷം രൂക്ഷമായതോടെ സമീപത്തുണ്ടായിരുന്ന മറ്റുയാത്രക്കാര്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് ഓടിരക്ഷപ്പെടുന്നതും അക്രമം നിര്‍ത്താന്‍ ആവശ്യപ്പെട്ട് ചിലര്‍ അലറിവിളിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
മെയ് 14-ാം തീയതി രാവിലെ എട്ട് മണിയോടെയാണ് വിമാനത്താവളത്തില്‍ സംഘര്‍ഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 17 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അതേസമയം, എന്താണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം.
വിമാനത്താവളത്തിലെ സംഘര്‍ഷം അങ്ങേയറ്റം ഞെട്ടലുണ്ടാക്കിയെന്നും ദുഃഖകരമായ സംഭവമാണെന്നും ലൂട്ടണ് വിമാനത്താവളത്തിന്റെ ഔദ്യോഗിക വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരം അക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.