ലണ്ടനില്‍ രണ്ടിടത്ത് ഭീകരാക്രമണം, ആറ് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ലണ്ടന്‍: ലണ്ടനില്‍ ബ്രിഡ്ജില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് തീവ്രവാദികള്‍ വാന്‍ ഓടിച്ചുകയറ്റി ആക്രമണം. 20 ഓളം പേരെ ഇടിച്ചുവീഴ്ത്തിയ ശേഷം വാന്‍ ഒരു ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറ്റിയാണ് നിര്‍ത്തിയത്.

ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാന്‍ സാധ്യതയുണ്ട്.

ആയുധധാരികളായ മൂന്നു പേരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇവരെ കണ്ടെത്താന്‍ വ്യാപക തിരച്ചില്‍ നടന്നുവരുകയാണ്. അക്രമികളില്‍ രണ്ട് പേരെ ലണ്ടന്‍ ബ്രിഡ്ജില്‍ വച്ച് തന്നെ വെടിവെച്ചുകൊന്നതായി സണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ലണ്ടന്‍ ബ്രഡ്ജ് താത്കാലികമായി അടച്ചു.

ഇതേ സമയം തന്നെ ബോറോ മാര്‍ക്കറ്റില്‍ അക്രമികള്‍ ആളുകളെ കുത്തിവീഴ്ത്തിയതായും റിപ്പോര്‍ട്ടുണ്ട്. കത്തിയുമായി അക്രമം നടത്തിയവര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തു. 20 പേര്‍ ലിവര്‍പൂള്‍ സ്ട്രീറ്റ് സ്റ്റേഷനിലെ അന്ദാസ് ഹോട്ടലില്‍ പ്രാഥമിക ചികിത്സ നല്‍കി. രണ്ട് ആക്രമണങ്ങളിലുമായി ഏഴ് പേര്‍ കൊല്ലപ്പെട്ടതായി സണ്‍ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ സംബന്ധിച്ച് വ്യക്തതയില്ല.

അതേസമയം രണ്ട് ആക്രമണങ്ങളും തീവ്രവാദികള്‍ നടത്തിയതാണെന്ന് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് മാഞ്ചസ്റ്ററില്‍ സംഗീതനിശക്കിടെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. മൂന്നു മാസം മുമ്പാണ് വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജില്‍ വാഹനം ആളുകള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടത്.

Top