ലണ്ടൻ: രണ്ടാം ലോക മഹായുദ്ധത്തിൽ ഉപയോഗിച്ച ബോംബ് കണ്ടെത്തിയതിനെ തുടർന്ന് ലണ്ടൻ സിറ്റി വിമാനത്താവളം അടച്ചു. വിമാനത്താവളത്തിനു സമീപത്തുള്ള തെംസ് നദിയിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്.
വിമാനത്താവളത്തിന്റെ റൺവേയുടെ സമീപത്തു നിന്നാണ് ബോംബ് കണ്ടെത്തിയത്. വിമാനത്താവളത്തിന്റെ 214 മീറ്റർ ചുറ്റളവിൽ പ്രവേശനം നിഷേധിച്ചിട്ടുണ്ടെന്നും, നിലവിൽ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
സിറ്റി വിമാനത്താവളത്തിൽ ആഭ്യന്തര സർവ്വീസുകളാണ് നടത്തുന്നത്. ലണ്ടൻ സിറ്റിയിൽ നിന്ന് ഇന്ന് യാത്ര പുറപ്പെടേണ്ടിയിരുന്ന യാത്രക്കാർ കൂടുതൽ വിവരങ്ങൾക്ക് വിമാനക്കമ്പനികളെ ബന്ധപ്പെടണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഞായറാഴ്ചയാണ് ബോംബ് കണ്ടെത്തിയത്. ഇത്തരത്തിൽ പൊട്ടാതെ കിടക്കുന്ന ബോബുകൾ നിർവീര്യമാക്കുന്നതിനുള്ള വിദഗ്ധരായ പൊലീസ് ഉദ്യോഗസ്ഥർ ബോംബ് പരിശോധിക്കുകയാണ് ഇപ്പോൾ.