ലണ്ടനില്‍ കാള്‍ മാര്‍ക്‌സിന്റെ സ്മൃതി കുടീരത്തിന് നേര്‍ക്ക് വീണ്ടും ആക്രമണം

ലണ്ടന്‍: ലണ്ടനിലെ കാള്‍ മാര്‍ക്‌സിന്റെ സ്മൃതി കുടീരത്തിന് നേര്‍ക്ക് വീണ്ടും അജ്ഞാതരുടെ ആക്രമണം. സ്‌പ്രേ പെയിന്റ് ഉപയോഗിച്ചാണ് സ്മാരകത്തിന്റെ ശിലാഫലകം വികൃതമാക്കിയിരിക്കുന്നത്.

രണ്ടാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് മാര്‍ക്‌സിന്റെ ശവകുടീരത്തില്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. ‘കൂട്ടക്കുരുതിയുടെ സൂത്രധാരന്‍’ എന്നും ‘വെറുപ്പിന്റെ സൈദ്ധാന്തികന്‍’ എന്നും ശിലാഫലകത്തില്‍ സ്‌പ്രേ പെയിന്റു കൊണ്ട് എഴുതിയിട്ടുണ്ട്.

ഫെബ്രുവരി നാലിനും സ്മൃതി മണ്ഡപത്തിന്റെ ശിലാഫലകം ചുറ്റിക ഉപയോഗിച്ച് അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചിരുന്നു. അന്നത്തെ ആക്രമണത്തില്‍ സ്മാരകത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. അക്രമികളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല.

ദിവസേന ആയിരത്തോളം വിനോദ സഞ്ചാരികളാണ് മാര്‍ക്‌സിന്റെ ശവകുടീരം കാണാനെത്തുന്നത്. മാര്‍ക്‌സിന്റെ ശവകുടീരത്തിനു നേരെയുണ്ടാകുന്ന തുടര്‍ച്ചയായ ആക്രമണങ്ങളില്‍ കടുത്ത പ്രതിഷേധവും വിഷമവും ഉണ്ടെന്ന് ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ചുമതലക്കാര്‍ അറിയിച്ചിട്ടുണ്ട്.

Top