ലണ്ടൻ: ലണ്ടനിൽ രണ്ടിടങ്ങളിലായുണ്ടായ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 12 പേർ അറസ്റ്റിലായി. ആക്രമണം നടന്നതിനു പിന്നാലെ ആരംഭിച്ച അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
എന്നാൽ അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആക്രമണം നടന്നതിനു സമീപത്തെ ഫ്ലാറ്റുകളിലടക്കം പോലീസ് പരിശോധന നടത്തി. സംഭവസ്ഥലത്തിനു സമീപത്തെ ഫ്ലാറ്റുകളിൽ കുടുംബമായി താമസിച്ചിരുന്ന ചിലർ ഭീകരരാണോ എന്ന സമീപവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പോലീസിന്റെ പരിശോധനകൾ ഇപ്പോഴും തുരുകയാണ്. മധ്യലണ്ടനിലെ ലണ്ടൻ ബ്രിഡ്ജിലും ബോറോ മാര്‍ക്കറ്റിലുമായി നടന്ന ആക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ആക്രമണത്തെ തുടർന്ന് ലണ്ടൻ ബ്രിഡ്ജും ലണ്ടൻ ബ്രിഡ്ജ് റെയിൽവെ സ്റ്റേഷനും അടച്ചിരുന്നു.
ഇന്ത്യൻ സമയം പുലർച്ചെ 2.30 നായിരുന്നു ആക്രമണം നടന്നത്. ലണ്ടൻ ബ്രിഡ്ജിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് വാൻ ഇടിച്ചുകയറ്റിയായിരുന്നു അക്രമം. ബോറോ മാര്‍ക്കറ്റിൽ വെള്ള നിറത്തിലുള്ള വാനിലെത്തിയ അക്രമികൾ ആൾക്കൂട്ടത്തിനിടയിലേക്ക് ആയുധവുമായി ചാടിയിറങ്ങി വെട്ടുകയായിരുന്നു. അക്രമികൾ സ്ഫോടകവസ്തുക്കൾ ശരീരത്തിൽ ഘടിപ്പിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. മൂന്ന് അക്രമികളെയും പോലീസ് വധിച്ചിരുന്നു.
രണ്ടാഴ്ച മുമ്പ് മാഞ്ചസ്റ്ററിലെ അരീനയിൽ സംഗീതനിശക്കിടെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. മൂന്നു മാസം മുമ്പ് വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജില്‍ വാഹനം ആളുകള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടിരുന്നു.