Long British Era Bunker Discovered Below Raj Bhavan In Maharashtra

മുംബൈ: മഹാരാഷ്ട്ര രാജ്ഭവനുള്ളില്‍ ബ്രിട്ടീഷ് ഭരണകാലത്ത് പണി കഴിപ്പിച്ച 150 മീറ്റര്‍ നീളമുള്ള നിലവറ കണ്ടെത്തി.
മലബാര്‍ ഹില്‍സിലെ രാജ്ഭവന്‍ കെട്ടിട സമുച്ചയത്തിന്റെ ഉള്ളിലാണ് നിലവറ കണ്ടെത്തിയത്. നിലവറ ഏറെക്കാലമായി പൂട്ടിയിട്ട നിലയിലായിരുന്നു.

മൂന്നു മാസം മുമ്പ് ഗവര്‍ണര്‍ സി.എച്ച് വിദ്യാസാഗര്‍ റാവുവാണ് രാജ്ഭവനില്‍ തുരങ്കമുണ്ടെന്ന വിവരം ജീവനക്കാരെ അറിയിച്ചത്.

തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജ്ഭവന്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരത്തെി തുരങ്കത്തിന്റെ കിഴക്ക് വശത്തുള്ള താല്‍ക്കാലിക ചുമര്‍ പൊളിച്ച് നീക്കുകയായിരുന്നു.

ചുമര്‍ നീക്കിയതോടെയാണ് തുരങ്കത്തിന് പകരം നിരവധി മുറികളുള്ള നിലവറയാണ് കണ്ടെത്തിയത്.

വ്യത്യസ്ത വലുപ്പമുള്ള 13 മുറികളാണ് 5000 സ്‌ക്വയര്‍ അടി വലുപ്പത്തിലുള്ള നിലവറക്കുള്ളിലുള്ളത്. 20 അടി ഉയരമുള്ള ഗേറ്റും പടിഞ്ഞാറു വശത്ത് ഗോവണിയുമുണ്ട്.
rajbhavan
നിലവറയുടെ ഇരുവശങ്ങളിലുമായി മുറികളും നടുവില്‍ ഇടനാഴിയുമാണ്. നിലവറ വെടികോപ്പുകള്‍ സൂക്ഷിക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്.

ചില മുറികള്‍ക്ക് മുന്നില്‍ ഷെല്‍ സ്റ്റോര്‍, ഗണ്‍ ഷെല്‍, കാട്രിഡ്ജ് സ്റ്റോര്‍, ഷെല്‍ ലിഫ്റ്റ്, വര്‍ക്ക്‌ഷോപ്പ് എന്നിങ്ങനെ രേഖപ്പെടുത്തിയിരുന്നു.

നിലവറ നല്ല പ്രകാശവും വായുസഞ്ചാരമുള്ളതും അഴുക്കുചാല്‍ സംവിധാനത്തോടുള്ളതുമാണെന്ന് അധികൃതര്‍ പറയുന്നു. സ്വാതന്ത്രാനന്തരം നിലവറ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് സൂചന. എങ്കിലും ഇതിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല.
maharashtra
ബ്രീട്ടീഷ് കാലത്ത് അന്നത്തെ ഗവര്‍ണര്‍മാര്‍ താമസിച്ച സ്ഥലമായിരുന്നു മലബാര്‍ ഹില്‍സിലെ രാജ്ഭവന്‍. ഗവണ്‍മെന്റ് ഹൗസ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

1885മുതല്‍ വിവിധ ബ്രിട്ടീഷ് ഗവര്‍ണര്‍മാര്‍ വേനല്‍ക്കാല വസതിയായി ഇവിടെ താമസിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അടക്കമുള്ളവര്‍ നിലവറ സന്ദര്‍ശിച്ചു. ഗവര്‍ണര്‍ സി.എച്ച് വിദ്യാസാഗര്‍ റാവുവും ഭാര്യയും ഇന്ന് നിലവറ സന്ദര്‍ശിക്കും.

ദേവേന്ദ്ര ഫട്‌നാവിസാണ് നിലവറയുടെ ചിത്രങ്ങളും വീഡിയോയും ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

Top