മൂന്നാര്‍ : പതിനൊന്നുകാരിയെ പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവിനും ഭാര്യയ്ക്കും പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് . മൂന്നാര്‍ ചിറ്റുവര ഒസി ഡിവിഷനിലെ തൊഴിലാളി ജാര്‍ഖണ്ഡ് സ്വദേശിയായ സലൈ (35), ഭാര്യ സുമരി എന്നിവര്‍ക്കെതിരെയാണ് ലുക്ക്ഔട്ട് നോട്ടിസ്. ഇയാള്‍ക്കായി വനമേഖലയില്‍ ഉള്‍പ്പെടെ പൊലീസ് തിരച്ചില്‍ തുടരുകയാണ്.
ഞായറാഴ്ച രാത്രി എസ്റ്റേറ്റിലെ ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ കുട്ടിയെ പ്രതി സൗഹൃദം കാട്ടി കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നാണു കേസ്. കുട്ടിയെ കാണാതെ വന്നതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് അവശനിലയില്‍ കണ്ടെത്തിയത്. ഇവരുടെ ബഹളംകേട്ട് സമീപത്തുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ എത്തിയതോടെ പ്രതി വനത്തിലേക്ക് ഓടിപ്പോയി.
പൊലീസും തോട്ടം തൊഴിലാളികളും വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. ഇന്നലെ പകല്‍ നടത്തിയ തിരച്ചിലിലും പ്രതിയെ കണ്ടെത്താനായില്ല.