പത്തനംതിട്ട:ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്. സംഘര്‍ഷത്തില്‍ പങ്കെടുത്ത 210 പേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രങ്ങള്‍ വിവിധ ജില്ലകളിലേക്ക് അയച്ച് നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടവരും, യുവതികളെ കടത്തിവിടുന്നതിനെതിരെ പ്രക്ഷോഭം നടത്തിയവരുമാണ് ലുക്ക് ഔട്ട് നോട്ടീസിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പൊലീസ് വാഹനങ്ങള്‍ എന്നിവ തല്ലിതകര്‍ത്തതിലും ഇവര്‍ പ്രതികളാണ്.
പേരോ മേല്‍വിലാസമോ സംബന്ധിച്ച വിവരം ലഭിക്കാത്തതിനാല്‍ ഇവരെ കണ്ടാല്‍ അറിയുന്നവര്‍ പത്തനംതിട്ട പൊലീസിനെ അറിയിക്കണമെന്ന നിര്‍ദേശത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ആല്‍ബം അയച്ച് നല്‍കി. ഇവരെ കണ്ടെത്താന്‍ പ്രത്യേകസംഘത്തെ നിയോഗിക്കാനും ഡി.ജി.പി നിര്‍ദേശിച്ചിട്ടുണ്ട്. കലാപത്തിന് ശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങി ജാമ്യമില്ലാത്ത കുറ്റമാണ് എല്ലാവര്‍ക്കും എതിരെ ചുമത്തിയിരിക്കുന്നത്.