മെൽബൺ : ഓസ്ട്രേലിയയിൽ പ്രസിദ്ധീകരിച്ച ഗണപതിയുടെ വിവാദ പരസ്യം രാജ്യത്ത് നിലനിൽക്കുന്ന അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കോഡ് ലംഘിച്ചതായി റിപ്പോർട്ട്.
സെപ്തംബറിൽ മീറ്റ് ആൻഡ് ലൈവ്സ്റ്റോക്ക് ഓസ്ട്രേലിയ (എംഎൽഎ) ആണ് പരസ്യം പ്രസിദ്ധീകരിച്ചത്. ലോകത്തെമ്പാടുമുള്ള ഇന്ത്യൻ ഹൈന്ദവ സമൂഹത്തിൽ നിന്നും വ്യാപകമായ പ്രതിഷേധമാണ് പരസ്യത്തിനെതിരെ ഉയർന്നത്.
ഗണപതി ഉൾപ്പെടെ മറ്റ് മതവുമായി ബന്ധപ്പെട്ട പ്രതീകങ്ങളും പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു.ഇവരെല്ലാം ഒരുമിച്ചിരുന്ന് ഇറച്ചി കഴിക്കുന്നതാണ് പരസ്യം.
മതപരമായ വികാരങ്ങളെ വൃണപ്പെടുത്തിയതായി ഓസ്‌ട്രേലിയൻ ഹൈന്ദവ സമൂഹത്തിലെ അംഗങ്ങൾ അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് ബ്യൂറോ (എഎസ്ബി) യിൽ പരാതി നൽകിയിരുന്നു.
പരസ്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഓസ്ട്രേലിയൻ സർക്കാരിനും കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസ് പരാതി നൽകി.
തുടക്കത്തിൽ പരസ്യത്തിൽ അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കോഡ് ലംഘനമില്ലെന്ന് എഎസ്ബി വിലയിരുത്തി.
എന്നാൽ നിരന്തരമായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് കോഡ് ലംഘനം നടത്തിയതായി കണ്ടെത്തി.
ഹൈന്ദവ മതത്തിന്റെ പ്രതീകമാണ് ഗണപതിയെന്നും, ഹൈന്ദവ മത വികാരങ്ങളെ വൃണപ്പെടുത്തുന്നതുമാണ് പരസ്യമെന്നും എഎസ്ബി വ്യക്തമാക്കി.
പരസ്യം നിലവിൽ സംപ്രേക്ഷണം ചെയ്യുന്നില്ലായെന്നും, മീറ്റ് ആൻഡ് ലൈവ്സ്റ്റോക്ക് ഓസ്ട്രേലിയയ്ക്ക് ഇത്തരത്തിൽ പരസ്യങ്ങൾ നിർമ്മിക്കരുതെന്ന് നിർദേശം നൽകിയതായും അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ് ബ്യൂറോ അറിയിച്ചു.