ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. നിലവില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കളിക്കുന്നത്. ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്.
ഓപ്പണര്‍ ശീഖര്‍ ധവാന് പകരം ചേതേശ്വര്‍ പൂജാര അന്തിമ ഇലവനിലെത്തി. പേസ് ബൗളര്‍ ഉമേഷ് യാദവിന് പകരം കുല്‍ദീപ് യാദവും രണ്ടാം സ്പിന്നറായി ഇന്ത്യയുടെ അന്തിമ ഇലവനിലുണ്ട്.
ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ലോകേഷ് രാഹുലാണ് രണ്ടാമനായി പുറത്തായത്. 14 പന്തില്‍ രണ്ടു ബൗണ്ടറികളോടെ എട്ടു റണ്‍സെടുത്ത രാഹുലിനെ ആന്‍ഡേഴ്‌സന്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ചു. മഴമൂലം മല്‍സരം തല്‍ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
പരമ്പരയിലെ ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യക്ക് ഈ ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. ആദ്യദിനം മഴമൂലം പൂര്‍ണമായും നഷ്ടപ്പെട്ടതിനാല്‍ നാലു ദിവസം മാത്രമെ ഇനി കളി നടക്കുകയുള്ളു. ഇന്നലെ ആരംഭിക്കേണ്ടിയിരുന്ന മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. എജ്ബാസ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 31 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. അഞ്ച് ടെസ്റ്റുകള്‍ ഉള്ള പരമ്പരയില്‍ 1-0 ഇന്ത്യ പിന്നിലാണ്. നിലവില്‍ ചേതേശ്വര്‍ പൂജാര, വിരാട് കൊഹ്ലി എന്നിവരാണ് ക്രീസില്‍.