തൊടുപുഴ: ബിയറും വൈനും കയറ്റിപ്പോയ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തൊടുപുഴയിലെ ബിവറേജ്‌സ് ഗോഡൗണില്‍ നിന്നും ചെറുതോണിയിലേക്ക് പോയ ലോറി കുളമാവിന് സമീപം അയ്യകാട് വെച്ചാണ് മറിഞ്ഞത്. വങ്ങല്ലൂര്‍ പുളിക്കാലായില്‍ ഇസ്മായില്‍ (49) ആണ് മരിച്ചത്.നാടുകാണിയിലെ കൊടുംവളവില്‍ നിയന്ത്രണം വിട്ട ലോറി എതിര്‍ ദിശയിലെ തിട്ടയില്‍ ഇടിച്ച ശേഷം 150 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.
അപകടം നടന്ന ഉടനെ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്തിയില്ല. ഇതിനിടെ അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ഡ്രൈവറെ കുരുതിക്കളം ചെക്ക് പോസ്റ്റിന് സമീപം കണ്ടെത്തിയെന്ന് തെറ്റായ സന്ദേശം പരന്നു.ഇതേതുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തി. എന്നാല്‍, വ്യാജസന്ദേശമാണെന്ന് മനസ്സിലായതോടെ വീണ്ടും തിരച്ചില്‍ നടത്തിയപ്പോള്‍ കുപ്പികള്‍ക്കിടയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൂലമറ്റത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം സംഭവമറിഞ്ഞ് നാട്ടുകാര്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയെങ്കിലും വാഹനത്തിനടുത്തേക്ക് പോകുവാന്‍ പോലീസ് സമ്മതിച്ചില്ലെന്ന് ആക്ഷേപമുണ്ട്. ലോറിയില്‍ നിന്നും തെറിച്ച് വീണ മദ്യ കുപ്പികള്‍ നാട്ടുകാര്‍ കൈയടക്കും എന്ന് പറഞ്ഞാണ് പോലീന് വിലക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച മാധ്യമ പ്രവര്‍ത്തകരോട് ലോറിയിലെ ഡ്രൈവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറി എന്നാണ് പോലീസ് പറഞ്ഞത്. മരിച്ച ഇസ്മയിലിന്റെ നാട്ടുകാര്‍ വെങ്ങല്ലൂരില്‍ നിന്നും എത്തിയതിനു ശേഷമാണ് വിശദമായ തിരച്ചില്‍ നടത്തിയത്. ഈ സമയം അത്രയും ഡ്രൈവര്‍ മദ്യക്കുപ്പികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
മരിച്ച ഇസ്മയിലിന്റെ ഖബറടക്കം ബുധനാഴ്ച ഉച്ചയ്ക്ക് നടത്തും ഭാര്യ നബീസ. മക്കള്‍ : ഐഷ, ഹുസൈന്‍.