ലോറി ക്ലീനര്‍ മരിച്ച സംഭവം ; ലോറിക്ക് നേരെ കല്ലെറിഞ്ഞത് തമിഴ്‌നാട്ടിലെന്ന് ഡ്രൈവറുടെ മൊഴി

lorry

പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റില്‍ ലോറി സമരാനുകൂലികളുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ച സംഭവത്തില്‍ സംഭവത്തില്‍ ലോറി ഡ്രൈവര്‍ മൊഴി മാറ്റി. ലോറിക്ക് നേരെ കല്ലെറിഞ്ഞത് തമിഴ്‌നാട്ടിലാണെന്നാണ് പുതിയ മൊഴി. ചാവടിക്കും വാളയാറിനും ഇടയിലാണ് ആക്രമണം നടന്നതെന്ന് ഡ്രൈവര്‍ മൊഴി നൽകി. കഞ്ചിക്കോട് കല്ലേറുണ്ടായിരുന്നുവെന്നാണ് ഡ്രൈവർ ആദ്യം നൽകിയ മൊഴി.

അതേസമയം, ക്ലീനര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അധികൃതര്‍ക്ക് നോട്ടീസയച്ചു. മരിച്ച മേട്ടുപ്പാളയം സ്വദേശി ബാഷയ്ക്ക് സംഭവത്തിന് ശേഷം വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയോ എന്ന കാര്യം പരിശോധിച്ച്‌ പാലക്കാട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.

ബാഷയുടെ ആശ്രിതര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദവിവരം ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിക്കണം. മരണത്തിന് ഉത്തരവാദികളായവരെയെല്ലാം നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിലുണ്ടാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ടുകള്‍ മൂന്നാഴ്ചയ്ക്കകം ലഭ്യമാകണം. കേസ് പാലക്കാട് സിറ്റിംഗില്‍ പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കഞ്ചിക്കോട് ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ലോറിക്ക് നേരെയുണ്ടായ കല്ലേറില്‍ ക്ലീനര്‍ മരിച്ചത്. മേട്ടുപ്പാളയം സ്വദേശി മുബാറക്ക് ബാഷയാണ് മരിച്ചത്.

കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പച്ചക്കറിയുമായി വന്നതായിരുന്നു ലോറി. സമരം നാലാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ പച്ചക്കറി ലോറികളും തടയുമെന്ന് പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് പതിനഞ്ചോളം വരുന്ന സംഘം ലോറിക്ക് നേരെ ആക്രമണം നടത്തിയത്. കല്ലേറില്‍ ലോറിയുടെ ഗ്ലാസ് തകര്‍ന്ന് പരുക്കേറ്റാണ് മുബാറക് ബാഷ മരിച്ചത്. ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്.

അതിനിടെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് ചരക്കുമായി എത്തുന്ന ലോറികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിപണികളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിട്ടുതുടങ്ങി. ഡീസല്‍ വില വര്‍ധനയും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തത്.

Top