വാളയാര്‍: വാളയാര്‍ ചെക്ക് പോസ്റ്റില്‍ ലോറി സമരാനുകൂലികളുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്.
മേട്ടുപ്പാളയം സ്വദേശി മുബാറക്ക് ബാഷയാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം.
കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പച്ചക്കറിയുമായി വന്നതായിരുന്നു ലോറി. സമരം നാലാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ പച്ചക്കറി ലോറികളും തടയുമെന്ന് പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് പതിനഞ്ചോളം വരുന്ന സംഘം ലോറിക്ക് നേരെ ആക്രമണം നടത്തിയത്. കല്ലേറില്‍ ലോറിയുടെ ഗ്ലാസ് തകര്‍ന്ന് പരിക്കേറ്റാണ് മുബാറക് ബാഷ മരിച്ചത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
അതിനിടെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് ചരക്കുമായി എത്തുന്ന ലോറികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിപണികളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം നേരിട്ടുതുടങ്ങി. ഡീസല്‍ വില വര്‍ധനയും തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തത്.