പയ്യോളി: വടകരയില്‍ ഫോര്‍മാലിന്‍ കലര്‍ന്ന കൂന്തള്‍ കയറ്റിവന്ന ലോറി ദേശീയപാതയില്‍ മൂരാട് പാലത്തിന് സമീപം നാട്ടുകാര്‍ തടഞ്ഞുവെച്ചു. ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കൂന്തളില്‍ ചെറിയ അളവില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയിട്ടുണ്ടെന്നും തെളിഞ്ഞു.
കന്യാകുമാരിയില്‍ നിന്ന് മംഗളൂരുവിലേക്ക് കൂന്തള്‍ കയറ്റി പോകുകയായിരുന്നു ലോറി. പാലത്തില്‍ വണ്‍വേ ആയതിനാല്‍ ലോറി ഇവിടെ നിര്‍ത്തിയിരുന്നു. ആ സമയത്ത് ലോറിയില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസും നാട്ടുകാരും ചേര്‍ന്ന് ലോറി തടയുകയായിരുന്നു.
ആറ് ടണ്‍ കൂന്തളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. മംഗളൂരുവിലെ സ്വകാര്യ എക്സ്‌പോര്‍ട്ടിങ് കമ്പനിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇതെന്ന് ലോറി ജീവനക്കാര്‍ പറഞ്ഞു.
ഭക്ഷ്യസുരക്ഷാ സ്‌ക്വാഡിലെ ജിതിന്‍രാാജ്, ഷെബിന മുഹമ്മദ് എന്നിവരാണ് പരിശോധന നടത്തിയത്. ഫോര്‍മാലിന്‍ കലര്‍ന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൂന്തള്‍ സംസ്ഥാനത്ത് വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി ലോറി അതിര്‍ത്തി കടക്കുന്നതുവരെ നിരീക്ഷണത്തിന് വിധേയമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.