പ്രശസ്തമായ യൂണിവേഴ്‌സല്‍ സ്റ്റുഡിയോയുടെയും ഡിസ്‌നിലാന്‍ഡ് പാര്‍ക്കിന്റെയും ആസ്ഥാനമായ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ നഗരങ്ങളിലൊന്നായ ലോസ് ഏഞ്ചല്‍സ് കോവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം തുറക്കുന്നു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് നഗരം വീണ്ടും തുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവിടുത്തെ ശ്രദ്ധേയമായ ഹോട്ടലുകള്‍ക്കും ഹോസ്പിറ്റാലിറ്റി ബിസിനസുകള്‍ക്കും പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പതിയെ വാതിലുകള്‍ തുറക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. നഗരം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സന്ദര്‍ശകരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി ചില പുതിയ ആരോഗ്യ നടപടികളും രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
സന്ദര്‍ശകരെ സ്വാഗതം ചെയ്യാന്‍ എല്‍ എ ഹോട്ടലുകള്‍ക്കും ഇപ്പോള്‍ അനുമതിയുണ്ട്. ഇതോടൊപ്പം, വിനോദസഞ്ചാര താല്‍പ്പര്യമുള്ള പ്രമുഖ സ്ഥലങ്ങളായ മ്യൂസിയങ്ങള്‍, മൃഗശാലകള്‍, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയും വീണ്ടും തുറക്കാന്‍ അനുമതിയുണ്ടെങ്കിലും സന്ദര്‍ശകര്‍ക്ക് പുതിയ ആരോഗ്യ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്.
എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. ബീച്ച് , ഗോള്‍ഫ് കോഴ്‌സ്, ട്രാന്‍സിറ്റ് ബസുകള്‍, മെട്രോ ബസുകള്‍ അല്ലെങ്കില്‍ ട്രെയിനുകള്‍ എവിടെയാണെങ്കിലും മാസ്‌ക് ധരിച്ചു മാത്രമേ പോകാന്‍ പാടുള്ളൂ. ഫാഷന്‍ സ്റ്റോറുകള്‍ മറ്റ് റസ്റ്റോറന്റുകള്‍ എന്നിവയും പരിമിതമായ അളവില്‍ പ്രവര്‍ത്തിക്കാനും അനുമതി ആയിട്ടുണ്ട്. നിലവില്‍ ആഭ്യന്തര വിനോദ സഞ്ചാരികളെ മാത്രമായിരിക്കും ലോസ് ഏഞ്ചല്‍സിലേക്ക് പ്രവേശിപ്പിക്കുക. ജൂലൈ മാസത്തിന് ശേഷം പുറം നാടുകളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും അനുമതി നല്‍കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ നഗരം.